തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. 1990-ൽ ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് വലിപ്പം കുറച്ചുവെന്നാണ് കേസ്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമനടപടികൾക്കൊടുവിലാണ് ആന്റണി രാജുവും കോടതി മുൻ ക്ലർക്ക് കെ.എസ്. ജോസും പ്രതികളായ ഈ കേസിൽ വിധി വരുന്നത്.
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ പിടിയിലായതോടെയാണ് ഈ കേസിന്റെ തുടക്കം. ഈ കേസിൽ വിദേശിയെ രക്ഷപ്പെടുത്താൻ വേണ്ടി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ ആന്റണി രാജു കൃത്രിമം കാട്ടിയെന്നാണ് പ്രധാന ആരോപണം.
