കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ നേതാവും നടനുമായ വിജയ് ഇന്ന് ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകും. 2025 സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെ 41 പേർ കൊല്ലപ്പെട്ട തിക്കിലും തിരക്കിലും വിജയ്യുടെ പങ്ക് സി.ബി.ഐ അന്വേഷിക്കുന്നു. വിജയ് എത്താൻ വൈകിയത് തിരക്ക് വർധിക്കാൻ കാരണമായോ എന്നും സുരക്ഷാ വീഴ്ചകൾ ഉണ്ടായോ എന്നും പരിശോധിക്കാനാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യൽ ലക്ഷ്യമിടുന്നത്.
ഇതിനായി ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു. വിജയ്യെ ആദ്യമായാണ് സിബിഐ ചോദ്യം ചെയ്യുന്നത്. ഡൽഹിയിൽ സുരക്ഷ ഉറപ്പാക്കാൻ ടിവികെ പോലീസിനോട് ആവശ്യപ്പെട്ടു. കരൂർ ദുരന്ത സമയത്ത് വിജയ് ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണസംഘം പരിശോധിച്ചു.
നേരത്തെ പാർട്ടി നേതാക്കളെയും ചോദ്യം ചെയ്തിരുന്നു.വിജയ്യെ സാക്ഷിയായാണ് സിബിഐ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരൂരിൽ എത്താൻ വൈകിയത് എന്തുകൊണ്ട്, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടോ, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ കാലതാമസം ഉണ്ടായോ തുടങ്ങിയ കാര്യങ്ങളിൽ വിജയ് ഇന്ന് വിശദീകരണം നൽകേണ്ടി വരും.
ഡൽഹിയിൽ അദ്ദേഹത്തിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.കരൂർ ദുരന്തം നടന്ന് നാല് മാസത്തിന് ശേഷമാണ് വിജയ് ആദ്യമായി ഒരു അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്.
നേരത്തെ സംസ്ഥാന സർക്കാർ ഏജൻസിക്ക് മുന്നിൽ ഹാജരാകാതിരുന്ന വിജയ്യെ, പാർട്ടി നേതാക്കളായ ബുസി ആനന്ദ്, നിർമ്മൽ കുമാർ തുടങ്ങിയവരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇപ്പോൾ സിബിഐ വിളിച്ചുവരുത്തിയിരിക്കുന്നത്.
വിജയ്യുടെ കാരവാനിൽ പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച സിബിഐ, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നടന്റെ വാദങ്ങൾക്കിടെയാണ് ചോദ്യം ചെയ്യലിന് തുടക്കമിടുന്നത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വിജയ്യെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു. 2025 സെപ്റ്റംബർ 27-ന് വൈകുന്നേരം ടി.വി.കെ.യുടെ കരൂർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചു.
വിജയ് ആറ് മണിക്കൂർ വൈകി എത്തിയതിനാൽ ഭക്ഷണവും വെള്ളവുമില്ലാതെ കാത്തുനിന്ന ജനക്കൂട്ടം തളർന്നു. പ്രസംഗം തുടങ്ങി അൽപ്പസമയത്തിനകം ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. അവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആദ്യദിവസം 38 പേരും പിന്നീട് മൂന്നു പേരും മരിച്ചു.
