അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് അമേരിക്ക പിടിച്ചെടുത്ത റഷ്യൻ എണ്ണ ടാങ്കറിൽ ഹിമാചൽ പ്രദേശ് സ്വദേശിയായ മെർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ഋക്ഷിത് ചൗഹാൻ കുടുങ്ങി. അടുത്ത മാസം വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് ഋക്ഷിത് അമേരിക്കൻ പിടിയിലായത്. ഇദ്ദേഹത്തെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുടുംബം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
ഫെബ്രുവരി 19-ന് വിവാഹം നിശ്ചയിച്ചിരുന്ന ഋക്ഷിത് ചൗഹാൻ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അമേരിക്കൻ പിടിയിലായത്. മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് അമ്മ റീത്ത ദേവി പ്രധാനമന്ത്രിയോട് കണ്ണീരോടെ അപേക്ഷിച്ചു.
2025 ഓഗസ്റ്റിൽ ജോലിയിൽ പ്രവേശിച്ച ഋക്ഷിത്, വെനിസ്വേലയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെയാണ് ജനുവരി 10-ന് പിടിയിലായത്. ഋക്ഷിതിനൊപ്പം കേരളം, ഗോവ സ്വദേശികളായ മറ്റ് രണ്ട് ഇന്ത്യക്കാരും കപ്പലിലുണ്ട്. മൂവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയവും ഇടപെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.
