മഹാരാഷ്ട്ര നാഗ്പൂരിലെ സ്‌ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കടുത്ത സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് എസ്.ബി.എൽ എനർജി ലിമിറ്റഡ് കമ്പനിയുടെ ഒൻപത് ഡയറക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ 7 മണിയോടെ ഖനന സ്‌ഫോടകവസ്തുക്കൾ പാക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും കരാർ തൊഴിലാളികളായ സ്ത്രീകളാണ്.കമ്പനിയിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ 21 ഡയറക്ടർമാർക്കും ഷെയർ ഹോൾഡർമാർക്കുമെതിരെ പോലീസ് കേസെടുത്തു.മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് (BNS വകുപ്പ് 105) കേസ് രജിസ്റ്റർ ചെയ്ത പോലീസ്, 21 പേർക്കെതിരെ നടപടിയെടുത്തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 2 ലക്ഷം രൂപയും മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. നിലവിൽ കമ്പനിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *