പാലസ്തീനിനെതിരായ ആക്രമണങ്ങൾ ഉടൻ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇസ്രായേലിന് ഇറാന്റെ താക്കീത്. ഇസ്രയേലിന് പിന്തുണ നൽകിയതിന് യുഎസിനെയും ഇറാൻ വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമിറബ്ദെല്ലാഹിയാൻ വിമർശിച്ചു.
ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും കൈകൾ കാഞ്ചിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസ യുദ്ധം വലിയൊരു സംഘട്ടനത്തിലേക്ക് നീങ്ങിയാൽ യുഎസിന് കാര്യമായ നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഗാസയിലെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന് കേവലം ഒരു നിരീക്ഷകനായി തുടരാൻ കഴിയില്ലെന്ന് ഇസ്രയേലിന് അതിന്റെ സഖ്യകക്ഷികളിലൂടെ ഞങ്ങളുടെ സന്ദേശം കൈമാറി. യുദ്ധത്തിന്റെ വ്യാപ്തി വികസിക്കുകയാണെങ്കിൽ, അമേരിക്കയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കും’’–അദ്ദേഹം വ്യക്തമാക്കി.