ജമ്മു കശ്മീരിലെ അർണിയ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ റേഞ്ചേഴ്സ് വെടിയുതിർത്തതായി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ജവാനെ ചികിത്സയ്ക്കായി ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചതായി വൃത്തങ്ങൾ അറിയിച്ചു. രാത്രി എട്ട് മണിയോടെയാണ് പാക് സൈ വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്നും പാകിസ്ഥാൻ റേഞ്ചർമാർ മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചെന്നും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഈ ആക്രമണത്തിന് ഇന്ത്യൻ സൈനികർ തിരിച്ചടിക്കുകയാണെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഒക്ടോബർ 17 ന് അർണിയ സെക്ടറിൽ, റേഞ്ചേഴ്സ് പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പിലും രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. അതിന് സമാനമായ സംഭവമാണ് ഇപ്പോഴും നടന്നത്.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എൽഒസി) എല്ലാ വെടിനിർത്തൽ കരാറുകളും കർശനമായി പാലിക്കാൻ ലക്ഷ്യമിട്ട് 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഈ കരാർ നിരവധി തവണയാണ് ലംഘിക്കപ്പെട്ടത്.
എന്നാൽ കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ നിയന്ത്രണ രേഖയിൽ ലഷ്കറെ ത്വയ്യിബയുടെ അഞ്ച് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കുപ്വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഒക്ടോബർ 26 ന് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ഇന്റലിജൻസ് ഏജൻസികളും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.
നിയന്ത്രണ രേഖയില്‍ (എല്‍ഒസി) നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരെയും വധിച്ചത്. പ്രദേശത്ത് ഇപ്പോഴും സൈന്യം തിരച്ചില്‍ തുടരുകയാണ്.
‘ഇന്ത്യന്‍ ആര്‍മി, @JmuKmrPolice (ജമ്മു കശ്മീര്‍ പോലീസ്), ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവര്‍ 26 ഒക്ടോബര്‍ 23 ന് ആരംഭിച്ച സംയുക്ത ഓപ്പറേഷനില്‍, കുപ്വാര സെക്ടറിലെ നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈനികര്‍ പരാജയപ്പെടുത്തി,’ ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്സ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഓപ്പറേഷനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി പോലീസ് വക്താവ് സ്ഥിരീകരിച്ചു.
ഈ മാസം 10ന് ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഷോപിയാനിലെ അൽഷിപോറ മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) തീവ്രവാദികളായ മോറിഫത്ത് മഖ്ബൂൽ, അബ്രാർ എന്ന ജാസിം ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടത്