സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിൻ്റെ കേരളീയം പരിപാടിക്ക് പിന്തുണയുമായി മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഓ രാജഗോപാൽ. കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം പിന്തുണയുമായി രംഗത്തെത്തിയത്. ബിജെപി നേതാക്കൾ ഉൾപ്പെടെ പരിപാടി ബഹിഷ്കരിച്ച സാഹചര്യത്തിലാണ് അകമഴിഞ്ഞ പിന്തുണയുമായി മുതിർന്ന ബിജെപി നേതാവ് തന്നെ രംഗത്തെത്തിയതും. കേരളീയം പരിപാടിക്കെതിരെ ബിജെപി എതിർപ്പ് ഉന്നയിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും രാജഗോപാൽ പ്രസംഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ബിജെപിയും കേരളീയം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഒ രാജഗോപാൽ നടത്തിയ പ്രസ്താവന ഏറെ വാർത്താ പ്രാധാന്യം നേടുകയായിരുന്നു. 
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം മികച്ച പരിപാടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയോട് ബിജെപി മുഖം തിരിഞ്ഞു നിൽക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും രാജഗോപാൽ വ്യക്തമാക്കി. രാജഗോപാലിൻ്റെ പ്രസ്താവന ബിജെപി നേതൃത്വത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് നിയമസഭ പ്രാധാന്യം നേടിക്കൊടുത്ത വ്യക്തിയെ തള്ളിക്കളയാനും കൊള്ളാനും സാധിക്കാത്ത അവസ്ഥയിലാണ് നിലവിൽ ബിജെപി നേതൃത്വം. അതേസമയം രാജഗോപാലിൻ്റെ പ്രസ്താവന സംബന്ധിച്ച് മറ്റു ബിജെപി നേതാക്കളാരും അഭിപ്രായങ്ങളുമായി രംഗത്തെത്തിയില്ല. 
കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ഒ രാജഗോപാലിനെ മുഖ്യമന്ത്രി പ്രസംഗത്തിലൂടെ സ്വാഗതം ചെയ്തു. ഒ രാജഗോപാലിൻ്റെ സഹകരണ മനോഭാവത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗ മധ്യേ പറഞ്ഞു. കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രാജഗോപാലിൻ്റെ ഇരിപ്പിടത്തിന് സമീപമെത്തി അദ്ദേഹത്തിന് ഹസ്തദാനവും നൽകിയിരുന്നു. കേരളീയം പൂർണ വിജയമെന്നും പലരുടെയും എതിർപ്പുണ്ടായിട്ടും പരിപാടി വൻ വിജയമാകുകയായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ ചൂണ്ടിക്കാട്ടിയിരുന്നു. 
നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാം ഉദ്ദേശിച്ച രീതിയില്‍ തന്നെ നാടിനെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളീയം ഇനിയങ്ങോട്ട് എല്ലാവര്‍ഷവും നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 
അതേസമയം ഒരാഴ്‌ചയോളം നീണ്ടുനിന്ന കേരളീയം പരിപാടി സമാപിച്ചു. വൻ വിജയമെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും, ധൂർത്താരോപണം ശക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷങ്ങൾക്കാണ് കഴിഞ്ഞ ദിവസം കൊടിയിറങ്ങിയത്. പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്‌ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സർക്കാർ എടുത്തുപറയുമ്പോൾ മറുവശത്ത് ലക്ഷങ്ങളാണ് ക്ഷേമപെൻഷൻ പോലും കിട്ടാതെ വലയുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *