ന്യൂഡൽഹി. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൻതോതിൽ പടക്കം പൊട്ടിച്ചതോടെ ഡൽഹിയിലെ വായു മലിനീകരണത്തോത് വീണ്ടും ഉയർന്നു. സുപ്രീം കോടതി ഉത്തരവിനെപ്പോലും വക വയ്ക്കാതെയാണ് ആളുകൾ കഴിഞ്ഞ രാത്രി ആഘോഷങ്ങളിൽ ഏർപ്പെട്ടത്. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ മലിനീകരണത്തോത് കുറഞ്ഞിരുന്നുവെങ്കിലും ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാവിലെ ഡൽഹി , നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ പുകമഞ്ഞ് നിറഞ്ഞു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി മിക്കയിടത്തും എയർ ക്വാളിറ്റി മോണിറ്ററിങ് ഏജൻസിയുടെ കണക്കുപ്രകാരം കഴിഞ്ഞ ദിവസത്തെ ശരാശരി വായു നിലവാരസൂചിക 218 ആയിരുന്നു. കഴിഞ്ഞ ഏട്ടു വർഷത്തിനിടെ ദീപാവലി ദിനത്തിലുള്ള ഏറ്റവുംമികച്ച വായു നിലവാരമായിരുന്നു ഇത്. ഇതിനു തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ വായു നിലവാരം വീണ്ടും മോശമായത്. ഇടയ്ക്കിടെ പെയ്യുന്ന മഴയും മലിനീകരണവിതരണത്തിന് അനുകൂലമായ കാറ്റിന്റെ വേഗവുമായിരുന്നു കഴിഞ്ഞ ദിവസം വായുനിലവാരം മെച്ചപ്പെടാൻ കാരണം. എന്നാൽ ഞായറാഴ്ച രാത്രി ആളുകൾ വലിയ തോതിൽ പടക്കം പെട്ടിച്ചതോടെ ഉയർന്ന പുകയാണ് സ്ഥിതി വീണ്ടും വഷളാക്കിയത്. നഗരത്തിലെ ചിലയിടങ്ങളിൽ തിങ്കളാഴ്ച രാവിലെ വായുനിലാവര സൂചിക 900 വരെ കടന്നു. ഇന്ത്യ ഗേറ്റ് മേഖലയിലും മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയം മേഖലയിലും വായു നിലവാര സൂചിക 999 വരെയെത്തി. ഇത് പിന്നീട് 553 ആയി കുറഞ്ഞു. നഗരത്തിൽ മലിനീകരണതോത് ഏറ്റവും കൂടിയ പ്രദേശങ്ങളിലൊന്നായ ആനന്ദ് വിഹാറിൽ വായുനിലവാര സൂചിക 849 വരെയെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു.’ വളരെ മോശം’ മുതൽ’ കടുത്ത’ അവസ്ഥ വരെയെത്തി. ലോകാരോഗ്യ സംഘടന ശുപാർശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനികരമായ കണങ്ങളുടെ അളവിന്റെ നൂറു മടങ്ങാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ രേഖപ്പെടുത്തിയത്.