മറ്റ് വിഷയങ്ങളെപ്പോലെ കായികവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിലെ ബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതിയില്‍ 2010 മുതല്‍ ഫിസിക്കല്‍ എഡ്യൂക്കേഷൻ ഒരു കോഴ്സായി പഠിക്കാനുള്ള വ്യവസ്ഥയുണ്ട്. കൂടാതെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആരോഗ്യകരമായ ജീവിതത്തിന്റെ സന്ദേശം നല്‍കുന്ന ആരോഗ്യ വിദ്യാഭ്യാസത്തെ ഒരു അടിസ്ഥാന കോഴ്‌സായി ഉള്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥയും അവതരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരള സര്‍വകലാശാല സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 2007ല്‍ തിരുവനന്തപുരത്ത് നടന്ന ദക്ഷിണ മേഖലാ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിലും 2009ല്‍ ചണ്ഡീഗഢില്‍ നടന്ന അഖിലേന്ത്യാ അന്തര്‍-സര്‍വകലാശാല ടൂര്‍ണമെന്റിലും കേരള യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോള്‍ ടീം റണ്ണറപ്പായിരുന്നു. കായിക താരങ്ങളെ വലിയ വേദികളിലെ പ്രകടനത്തിന് സജ്ജമാക്കുന്നതില്‍ കേരളത്തിലെ യൂണിവേഴ്സിറ്റി ടീമുകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കായികരംഗത്തെ ഇടപെടലുകളില്‍ കേരള സര്‍വകലാശാലയ്ക്ക് അസാധാരണമായ റെക്കോര്‍ഡാണുള്ളത്. 2022-ല്‍ കേരള സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച സച്ചിൻ മാത്യു (കെഎസ്‌ഇബി), അശ്വിൻ സേവ്യര്‍ (കെഎസ്‌ഇബി), ശ്രീകല ആര്‍ (കെഎസ്‌ഇബി) തുടങ്ങിയ രാജ്യാന്തര ബാസ്‌കറ്റ്ബോള്‍ കളിക്കാരെ സൃഷ്ടിക്കുന്നതില്‍ സര്‍വകലാശാല പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക് വിദഗ്ധരോടൊപ്പം കായികരംഗത്തും മികവ് പുലര്‍ത്താനുള്ള സര്‍വകലാശാലയുടെ ശ്രമങ്ങള്‍ക്ക് ഈ ടൂര്‍ണമെന്റ് ഊര്‍ജ്ജം പകരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു