ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളം. 46 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയെ പിന്തള്ളിയാണ് കേരളം ഒന്നാമതെത്തിയത്. ഏറ്റവും കൂടുതല്‍ റൂം ബുക്കിങ് നടക്കുന്നതും ഇവിടെത്തന്നെയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. കുമരകം ഒന്നാമതും കോവളം മൂന്നാമതുമാണ്.
2023-ലെ ആദ്യ ഒന്‍പതു മാസംകൊണ്ട് റെക്കോഡ് മുന്നേറ്റമാണ് കേരളത്തിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായത്. ഇക്കാലയളവില്‍ 1.59 കോടി ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.33 കോടി ആഭ്യന്തര സഞ്ചാരികളായിരുന്നു; 25.88 ലക്ഷം പേരുടെ വര്‍ധന.
ലീഷര്‍ യാത്രകളിലെ ഈ മുന്നേറ്റം മുന്നില്‍ കണ്ട് ടൂറിസത്തിന്റെ വിപുലീകരണമാണ് വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. പുതിയ ഡെസ്റ്റിനേഷനുകള്‍, നൂതന പദ്ധതികള്‍ എന്നിവ സാധ്യമാക്കുക അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതിനാണ് ഇത്തരമൊരു സംഗമം ലക്ഷ്യമിടുന്നത്.
പുതിയ ഒട്ടനവധി ആശയങ്ങള്‍ ഈ സംഗമത്തില്‍ പ്രതീക്ഷിക്കുന്നു. നിക്ഷേപക താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേഷന്‍ സംവിധാനം ഒരുക്കുമെന്നും ടൂറിസം മന്ത്രി ഉറപ്പുനല്‍കുന്നു.
കൊച്ചി: ടൂറിസം മേഖലയില്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യം.
കൊച്ചി: ടൂറിസം മേഖലയില്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം വ്യാഴാഴ്ച തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട മേഖലകളിലെ നിക്ഷേപക സാധ്യത തുറന്നിടുകയാണ് പ്രഥമ ലക്ഷ്യം. സംരംഭകര്‍ സ്വന്തമായി ആരംഭിക്കുന്ന നിക്ഷേപക സന്നദ്ധതയ്ക്ക് വഴികാട്ടിയാവുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം.
ബീച്ച് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, ഹെലി ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷന്‍, പ്രാദേശിക ജീവിത രീതിയെയും സംസ്‌കാരത്തെയും പരിപോഷിപ്പിക്കുന്ന ഉത്തരവാദിത്വ ടൂറിസം, തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഡെസ്റ്റിനേഷന്‍ ചലഞ്ച്, മലബാറിലെ ഉള്‍പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതി, മലബാര്‍ റിവര്‍ ടൂറിസം, ചാമ്പ്യന്‍സ് ബോട്ട് ലീഗ്, ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ മറൈന്‍ ഫെസ്റ്റിവല്‍, സാംസ്‌കാരിക ഉത്സവങ്ങള്‍ എന്നിവയെല്ലാം മികച്ച നിക്ഷേപ സാധ്യതകളാണ് ഒരുക്കുന്നത്.