ടെല്‍അവീവ്: ഗസ്സക്കെതിരായ യുദ്ധവും നരവേട്ടയും ഒന്നര മാസം പിന്നിട്ടിട്ടും ഹമാസ് ബന്ദികളാക്കിയ 240ഓളം പേരില്‍ ഒരാളെ പോലും കണ്ടെത്താനോ മോചിപ്പിക്കാനോ സാധിക്കാതെ നാണം കെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു.
ബന്ദികളുടെ ബന്ധുക്കളില്‍നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദം ശക്തമായതോടെയാണ് ഒടുവില്‍ 50 ബന്ദികളെയെങ്കിലും മോചിപ്പിച്ച് മുഖം രക്ഷിക്കാൻ ഹമാസുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് ഇസ്രായേല്‍ ഗവണ്മെന്റിന് വഴങ്ങേണ്ടി വന്നത്.
ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നത് പവിത്രവും പരമോന്നതവുമായ ദൗത്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ മന്ത്രിസഭ അംഗീകരിച്ച ശേഷം ഇസ്രായേലിനെ അഭിമുഖീകരിക്കുകയായിരുന്നു നെതന്യാഹു. എന്നാല്‍, ഗസ്സയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളാക്കിയവരെയെല്ലാം തിരികെ എത്തിക്കുക, ഗസ്സ ഇനി ഇസ്രായേലിനെ ഭീഷണിപ്പെടുത്തില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ ഇസ്രായേല്‍ യുദ്ധം നിര്‍ത്തില്ല’ -നെതന്യാഹു പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന വ്യവസ്ഥകള്‍:
ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന 19 വയസ്സിന് താഴെയുള്ള 150 പലസ്തീനി കുട്ടികളെയും സ്ത്രീകളെയും മോചിപ്പിക്കും
ബന്ദികളായ 50 19 വയസ്സിന് താഴെയുള്ള ഇസ്രായേലി കുട്ടികളെയും യുവതികളെയും മോചിപ്പിക്കും
ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും ഇസ്രായേല്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കും. സൈനിക വാഹനങ്ങളുടെ സഞ്ചാരം ഉള്‍പ്പെടെ നിര്‍ത്തിവെക്കും
മെഡിക്കല്‍, ഇന്ധന, ഭക്ഷണ വിതരണത്തിനായി നൂറുകണക്കിന് ട്രക്കുകള്‍ ഗസ്സയിലേക്ക് കടത്തിവിടും
തെക്കൻ ഗസ്സയില്‍ നാല് ദിവസം ഡ്രോണുകള്‍ അയക്കില്ല.
വടക്കൻ ഗസ്സയില്‍ പ്രാദേശിക സമയം രാവിലെ 10 നും വൈകുന്നേരം 4 നും ഇടയില്‍ പ്രതിദിനം ആറ് മണിക്കൂര്‍ ഡ്രോണ്‍ പറത്തില്ല
വെടിനിര്‍ത്തല്‍ കാലയളവില്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആരെയും ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ല
സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും.