പാപ്പിനിശ്ശേരി: വളപട്ടണം പുഴയില്‍ ബോട്ടുജട്ടിക്ക് സമീപം കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുവരുന്ന വെനീസ് ഫ്ലോട്ടിങ് മാര്‍ക്കറ്റ് പദ്ധതിക്ക് സ്ഥാനമാറ്റം.

പുതിയ തീരുമാന പ്രകാരം ഫ്ലോട്ടിങ് ബ്രിഡ്ജ് (ചങ്ങാട പാലം) പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കലില്‍ മാറ്റി സ്ഥാപിച്ചു തുടങ്ങി. വളപട്ടണം പാലത്തിനു താഴെയുള്ള ബോട്ടുജട്ടിക്ക് സമീപം നിര്‍മാണം ആരംഭിച്ചെങ്കിലും ഫ്ലോട്ടിങ് ബ്രിഡ്ജില്‍ ഒരു സുരക്ഷ ക്രമങ്ങളും ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് കുട്ടികളടക്കമുള്ളവര്‍ ഇതില്‍ കയറി നടക്കുകയും സെല്‍ഫിയെടുക്കുകയും രണ്ടു കുട്ടികള്‍ വെള്ളത്തില്‍ വീഴുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്തുള്ളവരില്‍നിന്ന് വ്യാപക പരാതി ഉയര്‍ന്നു. ഇത് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അപകടം മനസ്സിലാക്കി ജില്ല ഭരണകൂടം ഇടപെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് നീക്കം ചെയ്യുകയും മാസങ്ങളോളം പുഴയോരത്ത് കെട്ടിവെച്ചതിനെതുടര്‍ന്ന് നശിക്കുവാനും തുടങ്ങി.

ഇതോടെ പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഇടപെടലില്‍ പ്രസ്തുത പദ്ധതി പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കലിലേക്ക് മാറ്റി സ്ഥാപിക്കാൻ ടൂറിസം വകുപ്പ് അനുമതി നല്‍കിയതോടെയാണ് പാറക്കലില്‍ നിര്‍മാണം തകൃതിയായി പുരോഗമിക്കുന്നത്. ഇതോടെ പാപ്പിനിശ്ശേരി പഞ്ചായത്തില്‍ ടൂറിസത്തിന് പുത്തൻ ഉണര്‍വുണ്ടാകുമെന്നാണ് പഞ്ചായത്ത് വിലയിരുത്തുന്നത്. ഇതോടൊപ്പം പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച്‌ അവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഇരിക്കാൻ ഇരിപ്പിടം ഒരുക്കും. പഞ്ചായത്തിന്റെ അധീനതയിലുള്ള ഭഗത് സിങ് ഐലൻഡിലേക്ക് വിനോദസഞ്ചാര ബോട്ട് ഏര്‍പ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് എ.വി. സുശീലയും വൈസ് പ്രസിഡന്റ് പ്രദീപനും അറിയിച്ചു.

വളപട്ടണം പുഴയോരത്ത് ധാരാളം മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്ന പ്രദേശമായതിനാല്‍ പ്രായോഗികമല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതായി പരാതിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ വെനീസ് ഫ്ലോട്ടിങ് മാര്‍ക്കറ്റ് എന്ന ടൂറിസം പദ്ധതി സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കി വരുന്നത്. ഒരു കോടി 90 ലക്ഷം രൂപയുടെ പദ്ധതി ചെലവ്.

എന്താണ് വെനീസ് ഫ്ലോട്ടിങ് മാര്‍ക്കറ്റ്

കേന്ദ്ര ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നാട്ടിലെയും വിദേശത്തേയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാൻ നടപ്പാക്കി വരുന്നതാണ് ഫ്ലോട്ടിങ് മാര്‍ക്കറ്റ്. കരയിലേതു പോലെ പുഴയില്‍ പൊങ്ങിക്കിടക്കുന്ന തരത്തില്‍ മാര്‍ക്കറ്റ്, റസ്റ്റാറന്റ്, പക്ഷിത്തൂണുകള്‍, ഏറുമാടം, കരകൗശല വസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയുമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാൻ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇലക്‌ട്രിക്കല്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഒരു കോടി 90 ലക്ഷത്തിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവെച്ച പദ്ധതി തുടരാൻ കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോടെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കലിലേക്ക് മാറ്റുന്നത്. മൂന്നുമാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭീമമായ നഷ്ടം നേരിട്ടുവരുന്നതായി കരാറുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *