കൊല്ലം : 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ വൈകീട്ട് കാണാതായ ആറുവയസുകാരിയെ കണ്ടെത്തി.കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. അന്വേഷണം ശക്തമായതോടെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം.
ഇന്നലെ തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ റെജിയെ ഇന്ന് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചപ്പോള്‍ ആദ്യം കണ്ടത് സമീപത്ത് ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍.
കാറിലെത്തിയവര്‍ കുട്ടിയെ മൈതാനത്ത് ഇറക്കിനിര്‍ത്തിയ ശേഷം വേഗത്തില്‍ തിരികെ കയറി ഓടിച്ചുപോയെന്ന് കുട്ടിയെ ആദ്യം കണ്ടവര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നത് ഒരു സ്ത്രീയാണെന്നും ഇവര്‍ വ്യക്തമാക്കി. കുഞ്ഞിനെ കണ്ടപ്പോള്‍ തന്നെ ചിത്രങ്ങളില്‍ കണ്ട കുട്ടിയാണെന്ന സംശയം വന്നിരുന്നു. രക്ഷിതാക്കളുടെ ഫോട്ടോ കുഞ്ഞിനെ കാണിച്ച് അബിഗേല്‍ തന്നെയെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് കുടിക്കാൻ വെള്ളം ഉള്‍പ്പെടെ എത്തിച്ചുനല്‍കി -സ്ഥലത്തുണ്ടായവര്‍ പറയുന്നു. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.