ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ആലപ്പുഴ തുമ്പോളി പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 424-ാമത് ദർശന തിരുനാളിന് ഇന്ന് വൈകിട്ട് 7:30-ന് കൊടിയേറുന്നതോടെ തുടക്കമാകും. ഇന്നലെ ഫോർട്ടുകൊച്ചി വെളി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച തിരുനാൾ വിളംബര ബൈക്ക് റാലിയിലും 4:30 -ന് കൊമ്മാടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച തിരുനാൾ സന്ദേശ റാലിയിലും പതിനായിരങ്ങൾ പങ്കെടുത്തു. ഇന്ന് വൈകിട്ട് 7:30-ന് ജനസാഗരങ്ങളെ സാക്ഷിയാക്കി കൊടിയേറുന്നതോടെ ആലപ്പുഴയുടെ ആഘോഷങ്ങൾക്ക് തിരിതെളിയും. ഡിസംബർ 6 -ന് രാത്രി 12 മണിക്ക് നടതുറക്കുന്നതോടെ ജനലക്ഷങ്ങൾ തുമ്പോളിയിലേക്കു ഒഴുകിയെത്തും.
പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇറ്റലിയിൽനിന്നും പായ്കപ്പൽ വഴി തുമ്പോളിയിലേക്കു കൊണ്ടുവരപ്പെട്ടതാണ് പരിശുദ്ധമാതാവിന്റെ അത്ഭുത തിരുസ്വരൂപം. അതുകൊണ്ടുതന്നെ “കപ്പലോട്ടക്കാരിയമ്മ” എന്ന വിളിപ്പേരിലും തുമ്പോളിമാതാവ് അറിയപ്പെടുന്നു. മതപരമായ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിക്കപ്പെട്ട ഭാരതത്തിലെ ആദ്യത്തെ മറിയത്തിന്റെ രൂപം എന്ന പ്രത്യേകതയും തുമ്പോളി മാതാവിനുണ്ട്. ഡിസംബർ 8 -ന് മാതാവിന്റെ അത്ഭുതരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തിന് ജനലക്ഷങ്ങൾ സാക്ഷിയാകും. ഡിസംബർ 15 -ന് രാത്രി 12 മണിക്ക് കൊടിയിറങ്ങുന്നതോടെ തിരുനാൾ സമാപിക്കും.