ഉത്തരകാശി :രണ്ടാഴ്ചയിലധികം സില്‍ക്യാര തുരങ്കത്തില്‍ കഴിഞ്ഞ അനുഭവം വെളിപ്പെടുത്തി 41 തൊഴിലാളികളില്‍ ഒരാളായ വിശ്വജീത് കുമാര്‍ വര്‍മ.താനടക്കമുള്ള തൊഴിലാളികള്‍ക്ക് തുരങ്കത്തിനുള്ളില്‍ ഭക്ഷണം കിട്ടിയിരുന്നെന്ന് യുവാവ് പറഞ്ഞു.‘തുരങ്കത്തിനുള്ളിലേക്ക് അവശിഷ്ടങ്ങള്‍ വീണപ്പോഴാണ് ഞങ്ങള്‍ കുടുങ്ങിയെന്ന് മനസിലായത്. ആദ്യത്തെ 10-15 മണിക്കൂര്‍ വളരെ ബുദ്ധിമുട്ടി. പിന്നീട്, അവര്‍ ഞങ്ങള്‍ക്ക് അരിയും പരിപ്പും ഡ്രൈ ഫ്രൂട്ട്സുമെല്ലാം നല്‍കാൻ പൈപ്പിട്ടു. കൂടാതെ ഒരു മൈക്ക് സ്ഥാപിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്തു.’- യുവാവ് വ്യക്തമാക്കി.‘ഞാൻ ഇപ്പോള്‍ സന്തോഷവാനാണ്, ദീപാവലി കഴിഞ്ഞുപോയെങ്കിലും അത് ആഘോഷിക്കും.’ തൊഴിലാളി പറഞ്ഞു. പതിനേഴ് ദിവസം തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ ഇന്നലെ രാത്രിയാണ് സുരക്ഷിതരായി പുറത്തെത്തിച്ചത്.എട്ട് മണിയോടെയാണ് ആദ്യത്തെ ആളിനെ പുറത്തെത്തിച്ചത്. 60 മീറ്ററോളം നീളത്തില്‍ സ്ഥാപിച്ച രക്ഷാകുഴലിലൂടെ അകത്തുകടന്ന ദേശീയ ദുരന്തപ്രതികരണ സേനാംഗങ്ങള്‍ ഓരോ തൊഴിലാളിയെയും ചക്രം ഘടിപ്പിച്ച സ്ട്രെച്ചറില്‍ കിടത്തിയാണ് രക്ഷപ്പെടുത്തിയത്.