ദോഹ:ഗസ്സയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചു. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു.ഇന്നലെ 16 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു.വെടിനിര്‍ത്തലിന്റെ ആറാം ദിനത്തില്‍ 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‍ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്. 30 ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള ഊര്‍ജിതശ്രമങ്ങള്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ തുടരുകയാണ്. ഉടന്‍ ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഗസ്സയിലെ സംഭവങ്ങളില്‍ യു.എന്‍ നോക്കുകുത്തിയാകരുതെന്ന് സൗദിയും ജോര്‍ദാനും യു.എന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര സമവായമെന്ന ആവശ്യമാണ് ജോര്‍ദാനും ഖത്തറും അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്. ജറൂസലം ആസ്ഥാനമായി ഫലസ്തീന്‍ രൂപീകരണത്തിന് യു.എന്‍ പ്രമേയം പാസാക്കണമെന്നും ജോര്‍ദാന്‍ പറഞ്ഞു.
അറബ് രാജ്യങ്ങള്‍ക്കെതിരായ പാശ്ചാത്യ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് ഖത്തര്‍ പ്രധാനമന്ത്രി പ്രതികരിച്ചത്. സമാധാനം ലക്ഷ്യമിട്ടാണ് അറബ് രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മറുപക്ഷത്ത് ഇസ്രായേല്‍ കൂടി അംഗീകരിച്ച സമാധാന ഉടമ്ബടിയുടെ സ്ഥിതിയെന്താണെന്നു പരിശോധിക്കണം. ഫലസ്തീന്‍ ജനതയ്ക്ക് സ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കാന്‍ ഇസ്രായേല്‍ ഇതുവരെ തയാറായിട്ടില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി യു.എന്നിനെ ഓര്‍മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *