ഇസ്രയേലിനോട് സ്വരം കടുപ്പിച്ച് അമേരിക്ക.ഗാസയില്‍ പോരാട്ടം പുനരാരംഭിക്കുമ്ബോള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടുന്നതായി ഉറപ്പ് വരുത്തണമെന്നും പാലസ്തീന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
അതേസമയം വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടന്‍ പുനരാരംഭിക്കരുതെന്നും വെടിനിര്‍ത്തല്‍ കൂടുതല്‍ദിവസത്തേക്ക് നീട്ടണമെന്നും അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ശക്തമാവുകയാണ്. ഇക്കാര്യത്തെക്കുറിച്ചും ഗാസയുടെ യുദ്ധാനന്തരഭാവിയെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബുധനാഴ്ച ടെല്‍അവീവിലെത്തിയിരുന്നു. യുദ്ധമാരംഭിച്ചശേഷം പ്രശ്‌നപരിഹാരസാധ്യതതേടി മൂന്നാംതവണയാണ് അദ്ദേഹം പശ്ചിമേഷ്യയിലെത്തുന്നത്.
ഇതിനിടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 16 ബന്ദികളെ വ്യാഴാഴ്ച രാവിലെ ഹമാസ് മോചിപ്പിച്ചു. ഇതില്‍ 10 പേര്‍ ഇസ്രയേല്‍പൗരരും നാലുപേര്‍ തായ്‌ലാന്‍ഡില്‍നിന്നും രണ്ടുപേര്‍ റഷ്യയില്‍നിന്നുമുള്ളവരുമാണ്. പിന്നാലെ 30 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇതോടെ വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നതുമുതല്‍ ഇസ്രയേല്‍ മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണം 97 ആയി. ഇതില്‍ 70 പേര്‍ ഇസ്രയേല്‍ പൗരരാണ്.