ടെൽ അവീവ്: ഗാസയില്‍ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യു.എസ്. ഗാസയില്‍ നിരപരാധികളായ നിരവധി പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്.
എന്നാല്‍, അന്താരാഷ്ട്ര, മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും കമല വ്യക്തമാക്കി. സാധാരണക്കാരെ സംരക്ഷിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഇസ്രയേലിനുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അഭിപ്രായപ്പെട്ടു. എന്നാല്‍ ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവര്‍ത്തിച്ചു. വെള്ളിയാഴ്ച വെടിനിറുത്തല്‍ അവസാനിപ്പിച്ചതിന് പിന്നാലെ ഇസ്രയേല്‍, തെക്കൻ ഗാസയിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. വടക്കൻ ഗാസയില്‍ നിന്ന് പലായനം ചെയ്ത ജനങ്ങള്‍ക്കിടെ ഹമാസ് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് ഇസ്രയേല്‍ ആരോപിച്ചു.
ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളില്‍ ബോംബാക്രമണം ശക്തമാക്കി. മദ്ധ്യ ഗാസയിലെ ദെയ്ര് അല്‍ – ബലായ്ക്കും ഖാൻ യൂനിസിനും ഇടയിലെ പ്രധാന റോഡില്‍ ഇസ്രയേല്‍ ടാങ്കുകള്‍ നിലയുറപ്പിച്ചു. ഗാസയിലെ 80 ശതമാനം ജനങ്ങള്‍ക്കും വീടു വിട്ട് പലായനം ചെയ്യേണ്ടി വന്നതായി യു.എൻ അറിയിച്ചു.
ഹമാസിന്റെ പിടിയിലുള്ള 130ഓളം ബന്ദികളെ കണ്ടെത്താൻ ഗാസയ്ക്ക് മുകളില്‍ ബ്രിട്ടീഷ് സൈനിക വിമാനങ്ങള്‍ നിരീക്ഷണം നടത്തും. വെടിനിറുത്തല്‍ പുനഃസ്ഥാപിക്കാതെ ഇനി ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു. വെടിനിറുത്തല്‍ കാലയളവില്‍ 110 ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു.