ന്യൂഡൽഹി: സീസണിലെ തങ്ങളുടെ പത്താം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്സിയെ നേരിടും.ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ജയം നേടാനാവാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ കളിക്കാനിറങ്ങുന്നത്. ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന കളിയില്‍ 3-3 സമനില വഴങ്ങിയ മഞ്ഞപ്പട അവസാന കളിയില്‍ എഫ്സി ഗോവയ്ക്ക് മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുള്ള പഞ്ചാബിനെതിരെ കിടിലൻ ജയത്തില്‍ക്കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നില്ല.ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാമത് എവേ പോരാട്ടം കൂടിയാണിത്. ഇതുവരെ കളിച്ച മൂന്ന് എവേ മത്സരങ്ങളില്‍ രണ്ടിലും തോറ്റ മഞ്ഞപ്പടയ്ക്ക് ഈസ്റ്റ് ബംഗാളിനെതിരെ മാത്രമാണ് ജയിക്കാനായത്.വിലക്കിനെത്തുടര്‍ന്ന് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന കളിക്ക് ശേഷം റഫറിയിങ്ങിനെ വിമര്‍ശിച്ച ഇവാൻ ഒരു മത്സരത്തില്‍ നിന്നാണ് വിലക്ക് നേരിടുന്നത്. ഇവാന്റെ അഭാവത്തില്‍ സഹപരിശീലകൻ ഫ്രാങ്ക് ഡൗവനാണ് ഈ കളിയില്‍ മഞ്ഞപ്പടയുടെ ചുമതല.അതേ സമയം ഈ സീസണില്‍ ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച പഞ്ചാബ് എഫ്സിക്ക് ദയനീയ തുടക്കമാണ് ലീഗില്‍ ലഭിച്ചിരിക്കുന്നത്. ഒൻപത് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ ഒരു ജയം പോലും നേടാൻ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അഞ്ച് സമനിലകള്‍ വഴി ലഭിച്ച അഞ്ച് പോയിന്റുകളാണ് അവരുടെ അക്കൗണ്ടിലുള്ളത്. നാല് മത്സരങ്ങളില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് അവര്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്നിറങ്ങുന്നത്.