നവകേരള സദസ്സിന് ശേഷം കൂടുതല്‍ നിയന്ത്രണങ്ങളും വന്നേക്കും; ലോക് ഡൗണ്‍ ഉണ്ടാകില്ല; കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക സംവിധാനം
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും.നവകേരള സദസ് തീര്‍ന്നതിന് ശേഷം കൂടുതല്‍ നിയന്ത്രണവും വരും. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം വന്നു കഴിഞ്ഞു. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. രോഗലക്ഷണമുള്ളവരെ മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യമെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നത് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അടിയന്തരയോഗം ചേരും. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ യോഗത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കലും ചര്‍ച്ചയാകും. ഇതുള്‍പ്പെടെ പല നിയന്ത്രണവും വരാൻ ഇടയുണ്ട്. ലോക്ഡൗണിലേക്ക് പോകില്ല.ഗുരുതരരോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന കേരളത്തിലെ ആശുപത്രികളില്‍ നല്‍കും. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശിച്ചു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1749 പേരാണ്. കഴിഞ്ഞദിവസം മാത്രം 115 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്കിയ കണക്ക്.ഓമിക്രോണിന്റെ ഉപവകഭേദമായ ജെ എൻ വണ്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ജെ എൻ വണ്‍ വകഭേദം മൂലമുള്ള കോവിഡ് ബാധയും പ്രകടിപ്പിക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലം വരുന്നതിനാല്‍ കൂടുതല്‍ കര്‍ശന നിബന്ധനകള്‍ ഉടൻ ഉണ്ടാവില്ല.ആശങ്കയുണ്ടാക്കുന്ന അവസ്ഥയില്ലെന്നും കേരള, തമിഴ്‌നാട് റോഡുകളുടെ കര്‍ണാടക അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിക്കേണ്ടതില്ലെന്നും ജില്ലാഭരണകൂടങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ കമ്മിഷണര്‍ പറഞ്ഞു. എന്നാല്‍, അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു