തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ ചെലവു കുറയ്ക്കാൻ ശ്രമിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. വരുമാനം വർധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാൽ കുഴപ്പത്തിലാകും. മുറുക്കാൻ കടയിലെ സാമ്പത്തിക ശാസത്രം മാറ്റുമെന്നും ഗണേഷ് കുമാർ പറഞ്ഞു‘‘കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മൂലയൂട്ടുന്ന അമ്മമാർക്കു പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ കെഎസ്ആർടിസിക്ക് ആദായനികുതി വകുപ്പിന്റെ അനുവാദം വാങ്ങണം. അതിനുള്ള അപേക്ഷ കൊടുക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദേശം നൽകി. യൂണിയനുകളുമായി സൗഹൃദത്തിൽ തന്നെ പോകും. ശമ്പളം, പെൻഷൻ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം. വിഷയത്തിൽ സുതാര്യമായ ചർച്ചയുണ്ടാവും’’– മന്ത്രി വ്യക്തമാക്കി.