റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കേരള സർക്കാർ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നു. കരാർ കമ്പനിക്ക് സർക്കാർ നൽകാൻ കഴിയാത്ത കോടികളുടെ കുടിശ്ശികയാണ് പ്രശ്നകാരണം.ക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും കരാർ കമ്പനിയായ കെൽട്രോണിന് ലഭിച്ചിട്ടില്ല. ഇതിനാൽ, കെൽട്രോൺ കൺട്രോൾ റൂമുകളുടെ വൈദ്യുതി ബില്ല് നൽകാൻ കഴിയാതെ വന്നിട്ടുണ്ട്. കെ.എസ്.ഇ.ബി. ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും, കുടിശ്ശികയടക്കാൻ കെൽട്രോണിന് ഇതുവരെ കഴിഞ്ഞിട്ടില്ല.കരാർപ്രകാരം വൈദ്യുതി കുടിശ്ശികയുൾപ്പെടെ നൽകേണ്ടത് കമ്പനിയാണ്. എന്നാൽ, സർക്കാർ പണം കൊടുക്കാത്തതിനാൽ കമ്പനിക്ക് അതിനു കഴിയുന്നുമില്ല. പണം കിട്ടാത്തതിനാൽ കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്അതോടെ കേരളത്തിലെ എ.ഐ. ക്യാമറകളുടെ പ്രവർത്തനം പൂർണമായും നിലയ്ക്കും.ക്യാമറ നിയമലംഘനം കണ്ടെത്തിയാൽ വാഹനമുടമയ്ക്ക് ഫോണിൽ ഉടൻ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാൽ, ഫോൺനമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാലേ ഇതു സാധ്യമാകൂ. അല്ലാത്തവരുടെ ഫോണിൽ അറിയിപ്പു ലഭിക്കാറില്ല. അത്തരക്കാർ തപാൽമാർഗം നോട്ടീസ് ലഭിച്ചാലേ നിയമലംഘനത്തെക്കുറിച്ച് അറിയാറുള്ളൂ. എന്നാൽ, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാൽ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളിൽ മാത്രമാണ് ഇപ്പോൾ നോട്ടീസ് അയക്കുന്നത്ക്യാമറകൾ സ്ഥാപിച്ചതിന്റെ പണം ലഭിച്ചില്ലെങ്കിൽ കൺട്രോൾ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്. ക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്പനി കടുത്ത നിലപാടിലേക്കു നീങ്ങുന്നത്.പ്രതിമാസം ഒരുകോടി രൂപയോളം സ്വന്തംനിലയ്ക്കു ചെലവഴിച്ചാണ് പദ്ധതി കെൽട്രോൺ നടത്തുന്നത്. ജീവനക്കാർക്കുള്ള ശമ്പളത്തിനും കൺട്രോൾ റൂം പ്രവർത്തനത്തിനും മറ്റുമാണ് പണംവേണ്ടത്. എ.ഐ. ക്യാമറ പ്രവർത്തനമാരംഭിച്ച് ആറുമാസം പിന്നിടുമ്പോഴാണ് ഈ പ്രതിസന്ധി. നിയമലംഘനങ്ങളിൽനിന്ന് 33 കോടി രൂപ സർക്കാരിന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *