“തൊടുപുഴ: സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്കായി വാഗമൺ അഡ്വഞ്ചർ പാർക്കിൽ തുറന്ന ഗ്ലാസ് ബ്രിഡ്ജ് ഹിറ്റായി. 2023 സെപ്റ്റംബറിൽ തുറന്ന ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലത്തിൽ ഡിസംബർ 31 വരെ 1,00,954 സഞ്ചാരികൾ എത്തിയെന്നാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടരക്കോടിയിലധികം വരുമാനവും ഇതിൽ നിന്നുണ്ടായി.””മലമുകളിൽനിന്ന് താഴ്വാരങ്ങളുടെ മുകളിലൂടെ നീളുന്ന പാലം കൗതുകക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ഇവിടെനിന്ന് കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരക്കാഴ്ച വേണ്ടുവോളം ആസ്വദിക്കാം. 500 രൂപയാണ് ഫീസ് ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് 250 രൂപയാക്കി കുറച്ചു. ഗ്ലാസ് ബ്രിഡ്ജ് തുറന്നതോടെ വാഗമണ്ണിലും സഞ്ചാരികളുടെ തിരക്കേറുന്നുണ്ട്. ക്രിസ്മസ്, പുതുവത്സര അവധിയുമായി ബന്ധപ്പെട്ട് റെക്കോഡ് സഞ്ചാരികളാണ് വാഗമണിൽ എത്തിയത്”