ന്യൂഡൽഹി : മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപ്പറേറ്റേഴ്‌സ് (എംഎടിഎടിഒ) ഇന്ത്യയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ ഈസി ട്രിപ്പിനോട് മാലദ്വീപിലേക്കുള്ള ബുക്കിങ്ങുകൾ പുനരാരംഭിക്കാൻ അഭ്യർഥിച്ചു.
മാലദ്വീപ് ടൂറിസം മേഖലയുടെ വിജയത്തിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ് എന്ന് എംഎടിഎടിഒ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. വിനോദസഞ്ചാരം മാലദ്വീപിന്റെ ജിഡിപിയുടെ ഏകദേശം 60% സംഭാവന ചെയ്യുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏകദേശം 44,000 മാലദ്വീപുകാർക്ക് ഉപജീവനമാർഗം നൽകുന്നു.
മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023-ൽ രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാർ രാജ്യം സന്ദർശിച്ചു. 2022-2023 കാലയളവിൽ 4.5 ലക്ഷത്തിലധികം പേർ അവിടേക്ക് യാത്ര ചെയ്തു. കോവിഡ്-19 പകർച്ചവ്യാധിയെത്തുടർന്ന് വിനോദസഞ്ചാരം താൽക്കാലികമായി നിർത്തിവച്ചിരുന്ന കാലത്ത്, മാലദ്വീപ് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു. അക്കാലത്ത് 63,000 ഇന്ത്യക്കാർ രാജ്യം സന്ദർശിച്ചിരുന്നു.
ഈസി ട്രിപ്പ് സിഇഒ നിഷാന്ത് പിറ്റിയെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിൽ, എംഎടിഎടിഒ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധങ്ങൾ
രാഷ്ട്രീയത്തിന് അതീതമാണെന്ന് അടിവരയിടുന്നു.
“ഇന്ത്യയിലെ ഞങ്ങളുടെ സഹോദര സഹോദരികളെ ഞങ്ങൾ വിലമതിക്കുന്നു. വിനോദസഞ്ചാരം ഞങ്ങളുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നത് ഞങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും വികസനത്തെയും ഗുരുതരമായി ബാധിക്കും” – പ്രസ്താവനയിൽ പറയുന്നുഎംഎടിഎടിഒ വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെ ഭിന്നിപ്പുണ്ടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഈസി ട്രിപ്പിനോട് അഭ്യർഥിച്ചു.