തിരുവനന്തപുരം: നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ അതോ തനിയെ പോയതാണോ എന്നതിലടക്കം വ്യക്തത ലഭിക്കാത്തതിനാലാണ് ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നത്.
അതേസമയം, ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലാത്തതിനാല്‍ കുഞ്ഞിന് പോലീസ് കൗണ്‍സിലിങ് നല്‍കിയേക്കും. നാലുവയസുകാരി ആയതിനാല്‍ ആരെങ്കിലും എടുത്തുകൊണ്ട് പോയതാണെങ്കില്‍ അവരെപ്പറ്റിയുള്ള വിവരങ്ങള്‍ കുട്ടിയില്‍ നിന്ന് കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മകള്‍ സംസാരിക്കുമെന്ന് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. സംശയാസ്പദമായ നീക്കങ്ങളുള്ള ദൃശ്യങ്ങള്‍ പോലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്.
കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് അധികം ദൂരെയല്ലാത്ത സ്ഥലത്തുനിന്നാണ് അവളെ കണ്ടെത്തിയത്. രാത്രിയില്‍ കുട്ടി സ്വയം നടന്നുപോയതാണെന്ന് പോലീസ് കരുതുന്നുണ്ട്. ഈ സ്ഥലം ഇവര്‍ക്ക് അപരിചിതമല്ലാത്തതിനാല്‍ കുട്ടി സ്വയം പോയതാകാമെന്നാണ് അനുമാനം. എന്നാല്‍, കാണാതായതിന് ശേഷം കണ്ടെത്തിയ സ്ഥലത്ത് പോലീസ് ഒരുതവണ പരിശോധന നടത്തിയതുമാണ്. അതിന് ശേഷം രാത്രിയില്‍ കണ്ടെത്തിയത് ദുരൂഹതയുണ്ടാക്കുന്നുണ്ടെങ്കിലും പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. കുട്ടിയെ കാണാതായതുമുതല്‍ നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. വിവരങ്ങള്‍ പോലീസ് പങ്കുവെക്കാത്തതിനാല്‍ സംശയങ്ങളും അനവധി. എങ്കിലും കുട്ടിയെ അപകടം കൂടാതെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഏവരും. വിവരം അറിഞ്ഞതുമുതല്‍ അന്വേഷണത്തിന് പിന്നാലെ പരക്കം പാഞ്ഞ പോലീസും വിവരങ്ങള്‍ തന്ന് സഹായിച്ചവരും മാധ്യമങ്ങളും.സംശയാസ്പദമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പോലീസിന് ഇപ്പോഴും തട്ടിക്കൊണ്ട് പോയതാണോ എന്നകാര്യത്തില്‍ വിവരങ്ങളില്ല.
കുട്ടിയെ ആരെങ്കിലും എടുത്തുകൊണ്ടു പോവുകയും അന്വേഷണം ശക്തമായതോടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നും സംശയിക്കുന്നുണ്ടെങ്കിലും അതിലേക്കെത്താനുള്ള തെളിവുകള്‍ ലഭിച്ചിട്ടുമില്ല. കുട്ടിയെ കണ്ടെത്തിയ ഓടയിലേക്ക് അത്രയും ചെറിയ കുട്ടിക്ക് ഇറങ്ങാന്‍ സാധിക്കില്ല എന്ന് പറയുമ്പോഴും ഇതേ സ്ഥലത്തുകൂടിയാണ് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഇവര്‍ കുളിക്കാനും മറ്റുമായി പോകുന്നത്. കുട്ടി ഇത്തരം സാഹചര്യങ്ങളില്‍ വളര്‍ന്നതിനാല്‍ രാത്രിയില്‍ തനിയെ പോകാനും സാധ്യതയുണ്ട്. അതേസമയം, ദേഹത്ത് പരിക്കുകള്‍ ഒന്നുമില്ലാത്തതും പോലീസ് തിരച്ചില്‍ സമയത്ത് ലൈറ്റ് തെളിയിച്ചപ്പോള്‍ കണ്ണുതുറന്ന് നോക്കിയതും മറ്റാരോ കുട്ടിയെ അവിടെ ഉപേക്ഷിച്ച് പോയതാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. തനിയെ പോയതാണെങ്കില്‍ എന്തുകൊണ്ട് തനിയെ തിരികെ എത്താതിരുന്നുവെന്നതാണ് സംശയം ഉയര്‍ത്തുന്നത്. പകല്‍ മുഴുവന്‍ കുട്ടി മറ്റെവിടെയോ ആയിരുന്നു, ഇതിന് ശേഷം രാത്രി ആയതോടെയാണ് സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുള്ള ആരോ കുട്ടിയെ ഇവിടെ കൊണ്ടുപേക്ഷിച്ചതെന്നാണ് സംശയം. എന്നാല്‍ കുട്ടി തനിയെ പോകുന്നതിനിടയില്‍ ഓടയില്‍ വീണുപോയതാകാമെന്നും തിരികെ കയറാന്‍ കഴിയാതെ പെട്ടുപോയതാകാമെന്നും പറയുന്നു. എന്നാല്‍ പകല്‍ തിരച്ചില്‍ നടത്തിയ സമയത്തൊന്നും കുട്ടിയുടെ കരച്ചില്‍ പോലും കേള്‍ക്കാതെ വന്നതും പോലീസിനെ കുഴക്കുന്നുണ്ട്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള വഴിയിലൂടെ അവിടെ എത്താന്‍ സാധിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.