തൃശൂരിലെ സ്ഥാനാർഥി നിർണയത്തിൽ ധീവര സമുദായത്തിനുണ്ടായത് കടുത്ത അവഗണനയാണെന്ന് അഖില കേരള ധീവര സഭ. ടി.എൻ.പ്രതാപനെ മാറ്റിയതോടെ സമുദായത്തിനുണ്ടായിരുന്ന ഏക പ്രാതിനിധ്യവും ഇല്ലാതായെന്നാണ് വിമർശനം.
സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്ത ശേഷമേ മുരളീധരനെ പിന്തുണക്കൂവെന്ന് ധീവര സഭ ഭാരവാഹികൾ അറിയിച്ചു.”അഖില കേരള ധീവര സഭയാണ് കോൺഗ്രസ് നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചത്. തൃശൂരിൽ സ്ഥാനാർഥിയായി സമുദായത്തിൽ പെട്ടയാളെ പരിഗണിക്കാത്തതിലാണ് അതൃപ്തി.
ധീവര സമുദായകാരനായ പ്രതാപനെ മാറ്റിയിടത്ത് സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കണമെന്ന് സംഘടന അറിയിച്ചിരുന്നു. ഇത് നടപ്പാവാതായതോടെയാണ് നേതൃത്വം അമർഷം പരസ്യമാക്കിയത്.
സമുദായ അംഗമായ കോൺഗ്രസ് നേതാവിനെ ആലപ്പുഴയിൽ സ്ഥാനാർഥിയാക്കണമെന്നും ആവശ്യമുയർത്തിയിരുന്നു. അതും പരിഗണിക്കാത്തതോടെ കോൺഗ്രസ് നേതൃത്വത്തോട് പ്രതിഷേധം അറിയിച്ചു.
കോൺഗ്രസ് പാർട്ടിയാണ് സമുദായത്തെ എന്നും പരിഗണിച്ചിരുന്നതെന്നും സ്ഥാനാർഥി നിർണയത്തിലുണ്ടായത് കടുത്ത അവഗണനയാണെന്നുമാണ് ധീവര സഭ ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചത്.
തൃശൂരിൽ മുരളീധരനെ പിന്തുണക്കണോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.