വിഴിഞ്ഞം സമരത്തിനെതിരായ കേസുകൾ പിൻവലിച്ചതോടെ തീരദേശ മേഖലയിൽ തിരിച്ചടി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി. ഇതിന്‍റെ ഭാഗമായി ഇടത് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തീരദേശ മേഖലയിൽ പ്രചാരണം ഊർജ്ജിതമാക്കി.

ശംഖുമുഖത്ത് നിന്ന് തുടങ്ങി പൂവാറിൽ അവസാനിക്കുന്ന പ്രചാരണയാത്രയുടെ വിശ്രമവേളയിൽ വലിയതുറയിൽ വച്ചാണ് പന്ന്യൻ രവീന്ദ്രനെ കണ്ടത്. തീരദേശ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, കടലിന്‍റെ മക്കളുടെ കണ്ണീർ ഒപ്പിയേ മതിയാകുവെന്ന് സ്ഥാനാർഥി.

വിഴിഞ്ഞം സമരത്തിൽ തുടങ്ങി മുതലപ്പൊഴിയിലെ തുടർ അപകടങ്ങൾ വരെ സർക്കാരും മത്സ്യതൊഴിലാളി സമൂഹവും ഏറ്റുമുട്ടലിലാണ്. ഇത് തണുപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടല്ലേ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കേസുകൾ പിൻവലിച്ചത് എന്ന ചോദ്യത്തിന് നയപരമായിരുന്നു പന്ന്യന്‍റെ മറുപടി നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തീരദേശ മേഖല ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്.

എന്നാൽ മുൻ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ തരൂരിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. വിഴിഞ്ഞം സമരത്തിൽ തരൂർ എടുത്ത വിരുദ്ധനിലപാട് ഉയർത്തി മത്സ്യത്തൊഴിലാളികളെ അടുപ്പിക്കാനാകുമോയെന്നാണ് ഇടതുപക്ഷം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *