ഇംഫാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി പ്രമുഖ നേതാക്കളുടെ ചുവടുമാറ്റം. മുന്‍ യായ്‌സ്‌കുള്‍ എം.എല്‍.എ. എലംഗ്ബം ചന്ദ് സിങ് അടക്കം നാല് പ്രമുഖ ബി.ജെ.പി. നേതാക്കളാണ് ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
എലംഗ്ബമിനെക്കൂടാതെ ബി.ജെ.പി. നേതാവ് സഗോല്‍സെം അചൗബ സിങ്, അഡ്വ. ഒയ്‌നാം ഹേമന്ദ സിങ്, തൗഡം ദേബദത്ത സിങ് എന്നിവരാണ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ ഇംഫാലിലുള്ള കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങില്‍ ഡോ. അംഗോംചാ ബിമോല്‍ അകോയ്ജാം ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് അംഗോംചാ.സമത്വത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള ചരിത്രമാണ് മണിപ്പൂരിന്റേത്.
പണവും അക്രമവും കൊണ്ട് നാടിന്റെ സമാധാനപരമായ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുറംശക്തികളെ തള്ളിക്കളയണം. മണിപ്പൂരിന്റെ സ്വത്വം നിലനിര്‍ത്താനായി പണ്ടുമുതല്‍ നിരവധി സമരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. എന്നാല്‍, ഇന്ന് അതെല്ലാം തകര്‍ച്ചയുടെ വക്കിലാണ്.
നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഓരോ മണിപ്പൂരുകാരനും ഒരുമിക്കേണ്ടത് അനിവാര്യമാണെന്നും അകോയ്ജാം പറഞ്ഞു