ജനവാസമേഖലയിലെ കുഴിയിൽ വീണതിനെത്തുടര്‍ന്ന് ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാനയെ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി തമിഴ്നാട് വനംവകുപ്പ്.
ഗോവനൂര്‍ ഗ്രാമത്തിലെ വനാതിര്‍ത്തി. ഗ്യാസ് ഗോഡൗണിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും പരിചിതമല്ലാത്ത ശബ്ദം. നാട്ടുകാരെത്തി നോക്കുമ്പോള്‍ കുഴിയില്‍ കാട്ടാനക്കുട്ടി. പൊള്ളാച്ചി, കോയമ്പത്തൂര്‍ റേഞ്ചിവെ വനപാലകസംഘം വേഗം സ്ഥലത്തെത്തി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുഴിയില്‍ നിന്നും ആനക്കുട്ടിയെ കരയിലെത്തിച്ചു. ഇളനീര്‍, ഗ്ലൂക്കോസ്, ലാക്ടോജൻ നൽകി കുട്ടിയുടെ ക്ഷീണം മാറ്റി.
ആനക്കൂട്ടത്തെ അന്വേഷിച്ച് പോയിരുന്ന സംഘം പുളിയന്തോപ്പ്, നായക്കം പാളയത്ത് വനമേഖലയിൽ കുട്ടിയും കൊമ്പനും പിടിയും ഉള്‍പ്പെടെയുള്ള ആനക്കൂട്ടത്തെ കണ്ടെത്തി.
ആനക്കൂട്ടത്തിന് സമീപം കുട്ടിയാനയെ എത്തിച്ചപ്പോഴേക്കും അമ്മയാനയും സംഘവും ഓടിയെത്തിവീണ്ടും കൂട്ടത്തിലേക്ക് ചേര്‍ത്തു. ആനക്കൂട്ടത്തെ നിരീക്ഷിച്ചു വരികയാണെന്ന് സിസിഎഫ് രാമസുബ്രഹ്മണ്യം അറിയിച്ചു.
വനം വിട്ട് ജനവാസമേഖലയിലേക്ക് കുടിവെള്ളം തേടിയുള്ള കാട്ടാനക്കൂട്ടത്തിന്‍റെ വരവ് കൂടുന്നതായി വനപാലകര്‍ പറഞ്ഞു. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.