ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തുകളിലേക്കെത്തി വിധിയെഴുതുകയാണ്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.
രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്‌നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി.
മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ രാവിലെ 9 മണി വരെയുള്ള കണക്ക് പ്രകാരം 12.55% പോളിങ്. കള്ളക്കുറിച്ചി മണ്ഡലത്തിലാണ് ഇതുവരെ കൂടുതൽ പോളിങ്.തമിഴ്‌നാട് (39) രാജസ്ഥാന്‍ (12), ഉത്തര്‍പ്രദേശ് (8), മധ്യപ്രദേശ് (6), ഉത്തരാഖണ്ഡ് (5), അരുണാചല്‍ പ്രദേശ് (2), മേഘാലയ (2) എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
കൂടാതെ മഹാരാഷ്ട്രയിലേയും അസമിലേയും അഞ്ച് സീറ്റുകളിലും ബീഹാറിലെ 4 സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. പശ്ചിമ ബംഗാളിലെ 3 സീറ്റുകള്‍, മണിപ്പൂരിലെ രണ്ട് സീറ്റുകള്‍, ത്രിപുര,ജമ്മുകശ്മീര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നതാണ്.
ഇവിടങ്ങളിലെ ബാക്കി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അടുത്ത ഘട്ടങ്ങളില്‍ പൂര്‍ത്തിയാക്കും. ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
ചെന്നൈയിലെ 3 മണ്ഡലങ്ങളിലും പോളിങ് നിരക്ക് കുറവ്. അഞ്ചോളം ഇടങ്ങളിൽ ഇവിഎം തകരാറിനെ തുടർന്ന് 20 മിനിറ്റോളം വോട്ടെടുപ്പു വൈകി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി, നടൻ അജിത്ത് ഉൾപ്പെടെയുള്ളവർ രാവിലെ വോട്ടു ചെയ്തു. അക്രമ സംഭവങ്ങൾ ഇതുവരെയില്ല.
തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ 1 മണ്ഡലത്തിലേക്കുമാണു തിരഞ്ഞെടുപ്പ്. കോൺഗ്രസ് എംഎൽഎയായിരുന്ന വിജയധരണി രാജിവച്ചതോടെ ഒഴിവു വന്ന കന്യാകുമാരിയിലെ വിളവങ്കോട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.