യുഎഇയിൽ മഴക്കെടുതിയിൽ ഒറ്റപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഭൂരിഭാഗം എമിറേറ്റുകളിലെയും വെളളക്കെട്ട് നീങ്ങിയെങ്കിലും ഷാർജയിലെ വിവിധയിടങ്ങളിൽ ഇപ്പോഴും വെള്ളത്തിലാണ്.

ആളുകളെ മാറ്റിപ്പാർപ്പിക്കാനും ഭക്ഷണമെത്തിക്കാനുമൊക്കെയായി സന്നദ്ധസംഘടനകളും വാട്സാപ് കൂട്ടായ്മകളുമൊക്കെസജീവമായി രംഗത്തുണ്ട്. നാട്ടിലെ വെള്ളപ്പൊക്കത്തിൽ ദൈവദൂതരായി എത്തിയ മീൻപിടിത്തക്കാരെ ഓർമിപ്പിച്ചു ഈ ദൃശ്യങ്ങൾ.

എന്നാൽ ഇവിടെ ഇങ്ങനെ രക്ഷാപ്രവർത്തനവുമായി എത്തിയവരിലേറെയും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളാണ്. അബുദാബിയിൽ നിന്നുവരെ ബോട്ടുകൾ എത്തിച്ചായിരുന്നു ഷാർജയിലെ രക്ഷാപ്രവർത്തനം. ഷാർജയിലെ അൽ മജാസ്, അൽ ഖാസ്മിയ മേഖലകളിലാണ് വെള്ളക്കെട്ട് രൂക്ഷം.

സുരക്ഷ കണക്കിലെടുത്ത് മൂന്ന് ദിവസത്തിലേറെയായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് കൈസഹായമാവുകയാണ് ഈ ചെറുപ്പക്കാർ. ജാതിമതദേശഭേദമില്ലാതെ ഒരേ മനസോടെ കൈമെയ് മറന്ന് ഇറങ്ങിയിരിക്കുകയാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *