ന്യൂഡൽഹി കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം.
കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വിവാദത്തിനിടെയാണു കേന്ദ്ര സർക്കാരിന്റെ നടപടി. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിലാണു വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നു മോദി ‘അപ്രത്യക്ഷ’മായെന്ന വിവരം ആദ്യമെത്തിയത്.
കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൂട്ടായ പോരാട്ടം എന്നെഴുതിയ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നേരത്തെ ഉണ്ടായിരുന്നു.
നിലവിൽ ‘കോവിഡ് 19നെതിരെ ഇന്ത്യ ഒരുമിച്ച് പോരാടും’ എന്ന വാക്യം മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ പേരും സർട്ടിഫിക്കറ്റിൽനിന്നു നീക്കം ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.