ഭാരതപ്പുഴയിൽ നിർമിക്കുന്ന കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം അന്തിമഘട്ടത്തില്‍. ഗതാഗതത്തിനൊപ്പം പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ജലസംഭരണവും, വിനോദസഞ്ചാരവും ലക്ഷ്യമിടുന്നതാണ് പദ്ധതി.
29 ഷട്ടറുകളുള്ള കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി. ആറ് സ്ലാബുകളുടെ ജോലികളാണ് നിലവില്‍ പുരോഗമിക്കുന്നത്. കൈവരികളുടെ നിര്‍മാണവും വൈകാതെ തുടങ്ങും.
തുടർന്ന് ഇരുഭാഗങ്ങളിലും 460 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയും ഒരുക്കും. അപ്രോച്ച് റോഡുകളുടെ നിര്‍മാണം ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
418 മീറ്റർ നീളം വരുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന് 11 മീറ്റർ വീതിയുണ്ടാവും. പാലത്തിന്റെ മുകളിൽ ഇരുഭാഗത്തുമായി ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കും. പുഴയിൽ ജലനിരപ്പ് ഉയരുന്നതിന് മുന്‍പായി അനുബന്ധ കോൺക്രീറ്റ് നിർമാണങ്ങളും പൂർത്തിയാക്കാനാണ് ശ്രമം.
2022 ഡിസംബറിൽ ആരംഭിച്ച നിർമാണം പൂർത്തിയാക്കാൻ രണ്ട് വർഷത്തെ സമയമാണ് കരാർ കമ്പനിക്ക് നൽകിയിട്ടുള്ളത്. വെള്ളിയാങ്കൽ, ചമ്രവട്ടം റഗുലേറ്ററുകൾ അതത് ജില്ലകൾക്ക് മാത്രമാണ് ഉപകാരമെങ്കിൽ കാങ്കക്കടവ് റഗുലേറ്റർ പാലക്കാടിനും മലപ്പുറത്തിനും ഒരുപോലെ ഗുണം ചെയ്യും.
വേനലെത്തും മുന്‍പ് വെള്ളിയാങ്കൽ റഗുലേറ്റർ അടയ്ക്കുന്നതോടെ റഗുലേറ്ററിനു താഴെയുള്ള ഭാഗങ്ങളിൽ നിളയിലെ നീരൊഴുക്ക് കുറയുകയാണ് പതിവ്. കാങ്കപ്പുഴ റഗുലേറ്റർ യാഥാർഥ്യമാകുന്നതോടെ ഇരു ജില്ലയിലെയും വിവിധ പ്രദേശങ്ങളിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കാൻ സാധിക്കും