പത്തനംതിട്ട∙ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കണ്ടെത്തുന്നതിനായി പൊലീസ് വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ 2 ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരാണ് ഇറങ്ങിയോടിയത്. പത്തനംതിട്ടയിൽ നിന്ന് മറ്റു രണ്ട് ഡോക്ടർമാർക്കെതിരെയും നടപടിയുണ്ടാവും. കോഴഞ്ചേരിയിൽ നിന്ന് 2 പേരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നടപടിക്കുള്ള റിപ്പോർട്ട് നൽകും.വിജിലൻസ് ആസ്ഥാനത്തുനിന്നുള്ള നിർദേശത്തെത്തുടർന്നായിരുന്നു പരിശോധന. ഡിഎച്ച്എസിനു കീഴിലുള്ള ഡോക്ടർമാർക്ക് നിബന്ധനകളോടുകൂടി വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്താം. പക്ഷേ, ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നുള്ള രോഗികൾക്കോ ഇവരുടെ ബന്ധുക്കൾക്കോ ചികിത്സ നൽകാൻ പാടില്ല.