ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വമ്പൻ പ്രഖ്യാപനവുമായി യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി). കോളേജ്/ സർവകലാശാല പ്രവേശനം ഇനി വർഷത്തിൽ രണ്ട് തവണ നടത്താം. യുജിസി ചെയർപേഴ്സൺ എം ജഗദീഷ് കുമാറിൻ്റേതാണ് പ്രഖ്യാപനം. കോളേജുകൾക്കും സർവകലാശാലകൾക്കും രണ്ട് അക്കാദമിക് സെഷനുകൾ അനുവദിക്കാൻ യുജിസി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. വിദ്യാർഥികൾക്ക് വർഷത്തിൽ രണ്ടു തവണ പ്രവേശനം നേടാം എന്നതാണ് പുതിയ മാറ്റംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും യുജിസി ചെയർപേഴ്സൺ വ്യക്തമാക്കി.
ഇതുവരെയുള്ള യുജിസി ചട്ടം പ്രകാരം, വർഷത്തിൽ ഒരു അക്കാദമിക് സെഷൻ മാത്രമാണ് ഉള്ളത്. ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന അക്കാദമിക് സെഷൻ മേയ് അല്ലെങ്കിൽ ജൂണിൽ അവസാനിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതീ. ഇതിൽനിന്ന് മാറി, ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ്, ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസങ്ങളിൽ വിദ്യാർഥികൾക്ക് അഡ്മിഷൻ നേടാനാകുന്ന രീതിയിലേക്കാണ് പുതിയ മാറ്റം.