ഹാംബര്‍ഗ്: പോളണ്ടിനെ കീഴടക്കി നെതര്‍ലന്‍ഡ്സ്. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഡച്ച് ടീമിന്റെ ജയം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ്സ് ജയവുമായി മടങ്ങിയത്.
16-ാം മിനിറ്റില്‍ ആദം ബുക്ക്സയിലൂടെ പോളണ്ടാണ് ആദ്യം സ്കോര്‍ ചെയ്തത്. 29-ാം മിനിറ്റില്‍ കോഡി ഗാക്പോ നേടിയ ഗോളില്‍ ഒപ്പമെത്തിയ നെതര്‍ലന്‍ഡ്സ് 81-ാം മിനിറ്റില്‍ പകരക്കാരനായെത്തി 83-ാം മിനിറ്റില്‍ വലകുലുക്കിയ വെഗോര്‍സ്റ്റിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു.
സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്ഡോവ്സ്കിയില്ലാതെ ഇറങ്ങിയ പോളണ്ട് മെംഫിസ് ഡീപേയും കോഡി ഗാക്പോയും തിയാനി റെയിന്‍ഡേഴ്സും സാവി സിമണ്‍സും അടങ്ങിയ ഡച്ച് നിരയുടെ മുന്നേറ്റത്തില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായി. മൂന്ന് പ്രതിരോധക്കാരുമായി കളിതുടങ്ങിയ പോളണ്ടിന്, ഡച്ച് പട ആക്രമണം കടുപ്പിച്ചതോടെ ബാക്ക്ലൈനിലേക്ക് അഞ്ചുപേരെ കൊണ്ടുവരേണ്ടിവന്നു.
എന്നാല്‍ കളിയുടെ ഒഴുക്കിനെതിരായി 16-ാം മിനിറ്റില്‍ സിയെലിന്‍സ്കി എടുത്ത കോര്‍ണറില്‍ തലവെച്ച് ബുക്ക്സ പോളണ്ടിനെ മുന്നിലെത്തിച്ചു. ഗോള്‍വീണതോടെ നെതര്‍ലന്‍ഡ്സിന്റെ മുന്നേറ്റങ്ങള്‍ കടുത്തു. 20-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡൈക്കിന്റെ ഷോട്ട് പോളണ്ട് ഗോള്‍കീപ്പര്‍ വോയ്സിയെച് ഷെസെസ്നി രക്ഷപ്പെടുത്തി.
തുടര്‍ ആക്രമണങ്ങള്‍ക്കൊടുവില്‍ 29-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് വലകുലുക്കി. നഥാന്‍ അകെ നല്കിയ പന്തുമായി മുന്നേറി ഗാക്പോയാണ് സ്കോര്‍ ചെയ്തത്. തുടര്‍ന്ന് രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാന്‍ നെതര്‍ലന്‍ഡ്സിനായില്ല.