തിരുവനന്തപുരം: മുതലപ്പൊഴി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി, പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ ഡി.പി.ആർ. (Detailed Project Report) തയ്യാറാക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു.

“സംസ്ഥാന സർക്കാരിന് സിസ (Centre for Inland and Coastal Maritime Technology) സഹായം നൽകുന്നുണ്ട്. സ്ട്രക്ചർ ഡിസൈൻ ലഭിക്കുന്നതിനെ തുടർന്നും അനുമതി ഉടൻ നല്‍കും. സംസ്ഥാന സർക്കാർ സഹകരിക്കുന്നുണ്ട്. ഇതിനകം രണ്ട് മീറ്റിംഗുകൾ ചേർന്നിട്ടുണ്ട്. താൽക്കാലിക പരിഹാരം കൂടുതൽ അപകടമുണ്ടാക്കാം. പഠനങ്ങൾ നടക്കുന്നു, വീഴ്ച പറ്റിയിട്ടില്ല. വേദന അനുഭവിക്കുന്നവർക്ക് പ്രതികരിക്കാൻ അവകാശമുണ്ട്,” ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

അതേസമയം, അപകടങ്ങൾ തുടര്‍ക്കഥയാകുന്ന മുതലപ്പൊഴിയിൽ, അധികൃതരുടെ അനാസ്ഥക്കെതിരെ മത്സ്യത്തൊഴിലാളികൾ ശക്തമായ പ്രതിഷേധം നടത്തി. കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ, ശവപ്പെട്ടിയും റീത്തുമേന്തി പ്രതിഷേധിച്ചു.

“വേദനാജനകമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ്, അത് പ്രകടിപ്പിക്കാനാണ് ഈ സമരം,” ഫാ. യൂജിന്‍ പെരേര പറഞ്ഞു. “ഇന്ന് രാവിലെ പോലും ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു. തുടർച്ചയായ മരണങ്ങൾ നടന്നിട്ടും ഭരണാധികാരികൾ കണ്ണ് തുറക്കാത്ത അവസ്ഥയാണ്. ഫിഷറീസ് മന്ത്രി ഏഴ് ഉറപ്പുകൾ നൽകിയിരുന്നു. അതെല്ലാം അടിയന്തരമായി നടപ്പാക്കണമെന്ന് കഴിഞ്ഞ വർഷം പറഞ്ഞതുമാണ്,” യൂജിന്‍ പെരേര ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *