ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് ഗ്രൂപ്പ് എഫില്‍ തുര്‍ക്കിയെ എതിരില്ലാത്ത് മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫില്‍ ആറു പോയന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും. ആദ്യപകുതിയില്‍ ബെര്‍ണാഡോ സില്‍വ നേടിയ ഗോളും അക്കായിദിന്റെ സെല്‍ഫ് ഗോളും പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് തുര്‍ക്കിക്കുമേല്‍ വീണ്ടും നിറയൊഴിച്ചു.
22-ാം മിനിറ്റിലാണ് ബെര്‍ണാഡോ സില്‍വയുടെ ഗോള്‍ വന്നത്. നൂനോ മെന്‍ഡിസ് ഓടിയെത്തി നല്കിയ പാസ് സില്‍വ പോസ്റ്റിലേക്ക് മനോഹരമായി വഴിതിരിച്ചുവിട്ടു. പന്ത് കൈവശപ്പെടുത്താന്‍ ക്രിസ്റ്റ്യാനോ ശ്രമം നടത്തിയിരുന്നെങ്കിലും ബോക്സില്‍ വഴുതിപ്പോയതിനാല്‍ പന്ത് സില്‍വയുടെ കാലിലെത്തുകയായിരുന്നു (1-0). എട്ടുമിനിറ്റിനകം പോര്‍ച്ചുഗല്‍ വീണ്ടും ലീഡ് ചെയ്തു. ഇത്തവണ പക്ഷേ, ഗോള്‍ സംഭാവന ചെയ്തത് തുര്‍ക്കി തന്നെയാണ്. പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടയാന്‍ ഗോള്‍ കീപ്പര്‍ ബായിന്ദിറിന്, സാമെറ്റ് അക്കായിദിന് നല്കിയ പാസ് വിനയായി. കീപ്പര്‍ അപ്പോഴേക്കും പന്ത് കൈവശപ്പെടുത്താനായി മുന്നോട്ടെത്തിയിരുന്നു. കീപ്പറെ ശ്രദ്ധിക്കാതെ നല്കിയ പാസ് വല കടന്നു. അക്കായിദിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വലിയ വീഴ്ച. കീപ്പര്‍ തിരിച്ചോടി അവസാന പ്രതിരോധിക്കാനുള്ള അവസാന ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു (2-0).
രണ്ടാം പകുതിയിലെ 56-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിന്റെ ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. ബോക്സിനകത്തുവെച്ച് ഗോള്‍ക്കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കേ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ നല്കിയ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. ക്രിസ്റ്റ്യാനോയ്ക്ക് അനായാസം കൈകാര്യം ചെയ്യാമായിരുന്ന നീക്കം, ബ്രൂണോയ്ക്ക് നല്‍കിയത് വലിയ പ്രകീര്‍ത്തനങ്ങള്‍ക്ക് കാരണമായി. ഗോള്‍ നേട്ടത്തിനുശേഷം ഇരുവരും കെട്ടിപ്പിടിച്ച് ആഘോഷിച്ചു (3-0). മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ ശ്രമമൊഴിച്ചാല്‍ തുര്‍ക്കിയുടെ മികച്ച മുന്നേറ്റമാണ് കണ്ടത്. എട്ടാംമിനിറ്റില്‍ ലീഡ് ചെയ്യാനുള്ള മികച്ച ഒരവസരം തുര്‍ക്കി കളഞ്ഞുകുളിച്ചു. പതിയെപ്പതിയെ പോര്‍ച്ചുഗല്‍ മേധാവിത്വം പുലര്‍ത്തി. അതിന്റെ ഫലമായി 22-ാം മിനിറ്റില്‍ ആദ്യ ഗോള്‍ വന്നു. തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ നിരന്തരമായ ആക്രമണങ്ങളായിരുന്നു കണ്ടത്.