പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്യും. ജൂലായ് മൂന്ന് വരെ നടക്കുന്ന സമ്മേളനത്തിൽ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന അജണ്ട.
ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രത്യേക സമ്മേളനത്തിന്റെ ആദ്യ അജണ്ട. രാവിലെ 9.30ന് പ്രോടെം സ്പീക്കർ ആയി ഭർതൃഹരി മെഹ്താബ്, രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്ക് ലോക്സഭ സമ്മേളിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. തുടർന്ന് പ്രോടെം സ്പീക്കറുടെ അധ്യക്ഷതയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ. ആദ്യം പ്രധാന മന്ത്രിയും, തുടർന്ന് കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാണ്, മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. വൈകീട്ട് 4 മണി മുതൽ 5 മണി വരെയാണ് കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ക്രമീകരിച്ചിരിക്കുന്ന സമയം.
സഭയിലെ ഏറ്റവും മുതിർന്നയാളെ പ്രോടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് അടക്കം, പ്രോടെം സ്പീക്കറുടെ സഹായികളുടെ പാനലിൽ ഉൾപ്പെട്ട പ്രതിപക്ഷ അംഗങ്ങൾ സഹകരിക്കില്ലെന്നാണ് സൂചന. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളിൽ ആര് എന്നാണ് ആദ്യ സമ്മേളനത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ച സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി അവതരിപ്പിക്കും. ബുധനാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.
27ന് രാജ്യസഭ കൂടി സമ്മേളിച്ച ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യും. തുടർന്ന് നടക്കുന്ന നന്ദിപ്രമേയ ചർച്ചകൾ, സർക്കാരിന്റയും പ്രതിപക്ഷത്തിന്റെയും പരീക്ഷണ വേദിയാകും. ഓഹരി വിപണി അഴിമതി, നീറ്റ് പരീക്ഷാ വിവാദം, ബംഗാൾ ട്രെയിൻ അപകടം തുടങ്ങിയ അരഡസനോളം ആയുധങ്ങൾ ഇതിനകം പ്രതിപക്ഷത്തിന്റെ കൈവശമുണ്ട്.