വിര്‍റ്റംബര്‍ഗ് (ജര്‍മനി): യൂറോ കപ്പ് ഗ്രൂപ്പ് എ യില്‍ 100-ാം മിനിറ്റിലെ ഗോളില്‍ ജയവുമായി ഹംഗറി. സ്‌കോട്ട്‌ലന്‍ഡിനെ ഏകപക്ഷീയമായ ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. ജര്‍മനിയും സ്വിറ്റ്‌സര്‍ലന്‍ഡും ഗ്രൂപ്പില്‍നിന്ന് നോക്കൗട്ട് ഉറപ്പിച്ചു. ഇന്‍ജുറി ടൈമില്‍ പകരക്കാരനായെത്തിയ കെവിന്‍ ചൊബോത്തിന്റെ കൗണ്ടര്‍ അറ്റാക്ക് ഗോളാണ് ഹംഗറിക്ക് അവസാന നിമിഷത്തില്‍ ജയമൊരുക്കിയത്.
തോല്‍വിയോടെ സ്‌കോട്ട്‌ലന്‍ഡ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി യൂറോകപ്പില്‍നിന്ന് മടങ്ങി. ഹംഗറിക്കെതിരേ ജയിച്ചാല്‍ സ്‌കോട്ട്‌ലന്‍ഡിന് നോക്കൗട്ടിലേക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ പരാജയപ്പെട്ടതോടെ ആ വഴിയടഞ്ഞു എന്ന് മാത്രമല്ല, ഹംഗറിക്ക് പിറകിലായി ഫിനിഷ് ചെയ്യേണ്ടിയും വന്നു. മത്സരത്തിനിടെ 69-ാം മിനിറ്റില്‍ സ്‌കോട്ട്‌ലന്‍ഡ് ഗോള്‍ക്കീപ്പര്‍ ആന്‍ഗസ് ഗണ്ണുമായി കൂട്ടിയിടിച്ച് ഹംഗറി താരം ബര്‍ണബാസ് വര്‍ഗയ്ക്ക് ഗുരുതര പരിക്കേറ്റു.
നിലത്തുവീണ ബര്‍ണബാസിന് അടിയന്തര ശുശ്രൂഷ നല്‍കാനായി ഡോക്ടര്‍മാര്‍ ഉടന്‍ ഗ്രൗണ്ടിലെത്തുകയും ചെയ്തു. തുടര്‍ന്ന് സ്‌ട്രെച്ചറില്‍ ബര്‍ണബാസിനെ പുറത്തേക്കെത്തിച്ചു. വൈദ്യസഹായം നല്‍കുന്നതിനിടെ സഹകളിക്കാരും ഡോക്ടര്‍മാരും തുണികൊണ്ട് മറവ് തീര്‍ത്തത് ശ്രദ്ധേയമായി. പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.