മലപ്പുറം: കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രാമനാട്ടുകര സ്വദേശിയായ ഒരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. വിദ്യാർത്ഥിയുടെ സ്രവം വിദഗ്ദ പരിശോധനക്കായി മംഗളൂരുവിലെ ലാബിലേക്കയച്ചു.
വിദ്യാർത്ഥി ഫറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ കഴിഞ്ഞ മാസം 16ന് ഏറെ നേരം കുളിച്ചിരുന്നു. ഇതിലൂടെ അണുബാധയുണ്ടായതാകാം എന്നാണ് നിഗമനം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച 13 വയസ്സുള്ള ദക്ഷിണ എന്ന പെൺകുട്ടിയ്ക്കും ഇതേ രോഗം സ്ഥിരീകരിച്ചിരുന്നു. ദക്ഷിണ, കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഘേഷിന്റെയും മകളാണ്.
അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവ്.
കേരളത്തിൽ ഇതിനു മുൻപ് 2019ൽ മലപ്പുറം മുന്നിയൂർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ഫദ്‌വയായിരുന്നു ഇതേ രോഗാണു മൂലം മരിച്ചത്.