മ്യൂണിക്: യൂറോ കപ്പിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് ഇറ്റലി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 55-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിന്റെ ഗോളിൽ ക്രൊയേഷ്യ മുന്നിലെത്തിയതാണ്. മത്സരം നിശ്ചിത സമയം പിന്നിടുമ്പോഴും ഒരു ഗോളിന് മുന്നിലായിരുന്നു ക്രൊയേഷ്യ. വിജയിച്ചിരുന്നെങ്കിൽ ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും പ്രീക്വാർട്ടർ ഉറപ്പിക്കാമായിരുന്നു. എന്നാൽ ഇനി മികച്ച മൂന്നാം സ്ഥാനക്കാരായ നാല് ടീമുകളുടെ പട്ടിക വരും വരെ കാത്തിരിക്കണം. മൂന്ന് മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു തോൽവിയും ഉൾപ്പടെ രണ്ട് പോയിന്റാണ് ക്രൊയേഷ്യയ്ക്കുള്ളത്.
മത്സരത്തിന്റെ 98-ാം മിനിറ്റിലാണ് ഇറ്റലിയുടെ സമനില ഗോൾ പിറന്നത്. റിക്കാർഡോ കാലഫയോറി നൽകിയ പന്ത് മാത്തിയ സക്കാഗ്നി ക്രൊയേഷ്യൻ ഗോൾകീപ്പറുടെ തലയ്ക്ക് മുകളിലൂടെ വലയിലെത്തിച്ചു. ഇതോടെ മത്സരത്തിൽ ഇറ്റലി സമനില പിടിച്ചു. മൂന്ന് മത്സരങ്ങളിൽ ഒരു ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെയാണ് ഇറ്റലിയുടെ ഫലങ്ങൾ. നാല് പോയിന്റ് നേടിയാണ് നിലവിലെ ചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ എത്തിയിരിക്കുന്നത്.
മറ്റൊരു മത്സരത്തിൽ സ്പെയ്ൻ എതിരില്ലാത്ത ഒരു ഗോളിന് അൽബേനിയയെ പരാജയപ്പെടുത്തി. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിനൊപ്പം ഒരു ഗോൾ പോലും വഴങ്ങിയില്ലെന്നതും സ്പാനിഷ് സംഘത്തിന് ആവേശമായി. 13-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ആണ് സ്പാനിഷ് സംഘത്തിനായി ഗോൾവല ചലിപ്പിച്ചത്.