തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കോട്ടയം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മഴയുടെയും ശക്തമായ കാറ്റിൻറെ പശ്ചാത്തലത്തിൽ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇടുക്കി ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

തുടർന്ന്, മഴയുടെ ശക്തി വർദ്ധിക്കുന്നതിനാൽ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര മുതൽ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയാണ് മഴ കനക്കാൻ കാരണം. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മോശം കാലാവസ്ഥ തുടരുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് തുടരുന്നു.

ഇടുക്കിയിലും ശക്തമായ മഴ തുടരുകയാണ്. മൂന്നാറിൽ മണ്ണിടിച്ചിൽ കാരണം ഒരാൾ മരണപ്പെട്ടത് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു. ജില്ലാ കളക്ടർ ജനങ്ങളെ അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *