വാഷിങ്ടണ്‍: ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യം പരാജയത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മോറും നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും തിരിച്ചുവരാനാവാത്ത സ്ഥിതിയിലാണ്.
പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തിരിച്ചിറക്കം വൈകുന്നത്. നിലവില്‍ ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്യംസും വില്‍മോറും സുരക്ഷിതരാണ്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഒരു തിരിച്ചിറക്കത്തിന് ശ്രമിച്ചാല്‍ അത് ഇരുവരുടേയും ജീവന്‍ അപകടത്തിലാക്കിയേക്കും.
എന്താണ് സംഭവിച്ചത് ?
ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസിനേയും ബച്ച് വില്‍മോറിനേയും വഹിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണിത്. ഭാവി വിക്ഷേപണ ദൗത്യങ്ങള്‍ക്ക് സ്റ്റാര്‍ലൈനര്‍ പേടകം എത്രത്തോളം പ്രാപ്തമാണെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. പേടകം വിജയകരമായി നിലയവുമായി ബന്ധിപ്പിക്കാനും സഞ്ചാരികള്‍ക്ക് നിലയത്തിലെത്താനും സാധിച്ചിരുന്നുവെങ്കിലും യാത്രയിലുടനീളം ഹീലിയം ചോര്‍ച്ച ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
എത്രനാള്‍ കഴിയേണ്ടിവരും ?
യഥാര്‍ത്ഥത്തില്‍ വെറും ഒമ്പത് ദിവസം മാത്രമാണ് ദൗത്യത്തിന്റെ ദൈര്‍ഘ്യം. ജൂണ്‍ 13 ന് ഇരുവരും ഭൂമിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ പ്രശ്‌നങ്ങളും കാരണം തിരിച്ചിറക്കം വൈകുകയും സഞ്ചാരികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ നിലയത്തില്‍ കഴിയേണ്ടതായും വന്നു. ജൂണ്‍ 26 നാണ് ഏറ്റവും ഒടുവില്‍ തിരിച്ചിറങ്ങാന്‍ നിശ്ചയിച്ച തീയ്യതി. എന്നാല്‍ അതുണ്ടായില്ല. പുതിയ തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണ നിലയില്‍ 45 ദിവസങ്ങളോളം നിലയത്തില്‍ തുടരാന്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാധിക്കും. ബാക്കപ്പ് സിസ്റ്റങ്ങള്‍ ഉപയോഗിച്ച് 72 ദിവസം വരെ ഇത് ദീര്‍ഘിപ്പിക്കുകയും ചെയ്യാം. എന്നാല്‍ പരീക്ഷണ ദൗത്യത്തിനുപയോഗിച്ച പേടകം അതിന് പ്രാപ്തമാണോ എന്ന് വ്യക്തമല്ല. ഇന്ധന ചോര്‍ച്ച വലിയൊരു വെല്ലുവിളിയാണ്.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് രക്ഷയ്‌ക്കെത്തുമോ? സുനിത വില്യംസിനേയും ബച്ച് വില്‍മോറിനെയും ഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമല്ലെങ്കില്‍, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ പേടകം ഉപയോഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോയിങിനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു തിരിച്ചടിയാവുന്ന സാഹചര്യമാണ്. ഇക്കാരണം കൊണ്ടുതന്നെ സ്‌പേസ് എക്‌സിനെ പരിഗണിക്കുന്ന കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം ഉണ്ടാവാനിടയില്ല. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണെന്നും സ്‌പേസ് എക്‌സിനെ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് ബോയിങ് ഉദ്യോഗസ്ഥരുടെ പക്ഷം. എന്തായാലും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ സുനിത വില്യംസും വില്‍മോറും ഭ്രമണ പഥത്തില്‍ തന്നെ തുടരും. പ്രശ്‌നം പരിഹരിക്കാനാവുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.