ട്രിനിഡാഡ്: ടി20 ലോകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഒമ്പത് വിക്കറ്റിനാണ് ജയം. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ എയ്ഡന്‍ മാര്‍ക്രവും സംഘവും അനായാസം ലക്ഷ്യം കണ്ടു. 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി.ലോകകപ്പില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. കലാശപ്പോരിലെത്താനായില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാന്‍ കയ്യടി നേടിയാണ് മടങ്ങുന്നത്.
57 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമെങ്കിലും അഫ്ഗാന്‍ പൊരുതാനുറച്ചാണ് മൈതാനത്തിറങ്ങിയത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. പിന്നാലെ ടീം അഞ്ചില്‍ നില്‍ക്കേ ആദ്യ വിക്കറ്റും നഷ്ടമായി. ക്വിന്റണ്‍ ഡി കോക്കിനെ ഫസല്‍ഹഖ് ഫറൂഖി ബൗള്‍ഡാക്കി. എട്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സാണ് ഡി കോക്കെടുത്തത്. അതിനിടെ നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ മൂന്നാം ഓവറില്‍ മാര്‍ക്രത്തിന്റെ വിക്കറ്റിനുള്ള അവസരം റിവ്യൂ നല്‍കാത്തതുമൂലം അഫ്ഗാന്‍ നഷ്ടപ്പെടുത്തി. മാര്‍ക്രത്തിന്റെ ബാറ്റിലുരസിയാണ് പന്ത് കടന്നുപോയത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസ് കൈപ്പിടിലാക്കി. എന്നാല്‍ അഫ്ഗാന്‍ റിവ്യൂ നല്‍കിയില്ല. റീപ്ലേകളില്‍ പന്ത് ബാറ്റിലുരസിയിരുന്നെന്ന് വ്യക്തമായിരുന്നു. പിന്നാലെ റീസ ഹെന്‍ഡ്രിക്‌സും എയ്ഡന്‍ മാര്‍ക്രവും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ അഫ്ഗാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. 8.5 ഓവറില്‍ വിജയതീരത്തെത്തി.റീസ ഹെന്‍ഡ്രിക്‌സ് 25 പന്തില്‍ നിന്ന് 29 റണ്‍സെടുത്തപ്പോള്‍ മാര്‍ക്രം 21 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു.