ഹൈദരാബാദ്: ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് വന്‍ സ്വീകരണം. പിതാവ് ഇമ്രാന്‍ മിര്‍സ, സഹോദരി അനം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സാനിയ ഹജ്ജ് തീര്‍ഥാടനം പൂര്‍ത്തിയാക്കിയത്.
ഹജ്ജ് യാത്രയുടെ ചിത്രങ്ങളും മറ്റും സാനിയയുടെ മാതാവ് നസീമ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ തിരിച്ചെത്തിയ സാനിയയേയും കുടുംബത്തെയും മാലയിട്ടും പൂക്കള്‍ നല്‍കിയും സ്വീകരിക്കുന്നതിന്റെ ചിത്രവും നസിം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം പകര്‍ത്തിയത് മുംബൈ വിമാനത്താവളത്തില്‍നിന്നാണോ അതോടെ ഹൈദരാബാദില്‍നിന്നാണോ എന്നത് വ്യക്തമല്ല.
നടി സന ഖാനും സാനിയക്കൊപ്പം ഹജ്ജ് കര്‍മത്തിനുണ്ടായിരുന്നു. മിര്‍സ സഹോദരിമാര്‍ക്കൊപ്പം സന നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ നേരത്തേ പ്രചരിച്ചിരുന്നു. ഇവര്‍ ബലിപെരുന്നാള്‍ ആഘോഷിച്ചതും ഈ യാത്രയ്ക്കിടെയായിരുന്നു. യാത്രയുടെ വിവിധ ചിത്രങ്ങള്‍ അനം മിര്‍സ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
നേരത്തേ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം ജൂണ്‍ ഒമ്പതാം തീയതി സാനിയ പങ്കുവെച്ചിരുന്നു. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില്‍ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തുതരണമെന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു