24x7news

കോഴിക്കോട് രണ്ടുകോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതികൂടി പിടിയില്‍. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ പി.എസ്.ജുമി(24)യെ ബെംഗളരൂവില്‍നിന്നാണ് അന്വേഷണസംഘം പിടികൂടിയത്.

മേയ് 19-നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച്‌ ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പോലീസും ഡാൻസാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു.

ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ ഊർജിത അന്വേഷണത്തില്‍ ആദ്യപ്രതി നിലമ്ബൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരുവില്‍നിന്നും രണ്ടാംപ്രതി പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിൻ സെബാസ്റ്റ്യനെ കുമളിയില്‍നിന്നും പിടികൂടിയിരുന്നു.

ഷൈൻ ഷാജിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തതില്‍ ബെംഗളൂരുവില്‍നിന്ന് ഷൈനിനോടൊപ്പം എം.ഡി.എം.എ. കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കടത്തുകാരിയായി പ്രവർത്തിച്ചത് ജുമിയാണെന്ന് മനസ്സിലായി. കേസിലെ രണ്ടുപ്രതികളെ പിടികൂടിയപ്പോള്‍ ജുമി ഒളിവില്‍പ്പോയി ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി ഇതിലൂടെ ഉണ്ടാക്കുന്ന പണംകൊണ്ട് ആർഭാടജീവിതം നയിച്ച്‌ ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ വലിയ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുകയാണ് പതിവ്.

അന്വേഷണസംഘത്തില്‍ വെള്ളയില്‍ ഇൻസ്പെക്ടർ ജി. ഹരീഷ്, എസ്.ഐ. ദീപുകുമാർ, എസ്.സി.പി.ഒ. ദീപു, സിറ്റി ക്രൈം സ്ക്വാഡിലെ എ. പ്രശാന്ത് കുമാർ, എസ്.സിപി.ഒ. ഷിജില, സി.പി.ഒ. സ്നേഹ, ഷിനില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *