സ്ലൊവേനിയയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തില്‍ റൊണാള്‍ഡോ നിര്‍ണായക പെനാല്‍റ്റി പാഴാക്കിയിരുന്നു

ബെര്‍ലിന്‍: തന്റെ അവസാന യൂറോ കപ്പാണിതെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2024 യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍. സ്ലൊവേനിയയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തില്‍ റൊണാള്‍ഡോ നിര്‍ണായക പെനാല്‍റ്റി പാഴാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ആരാധകരോട് മാപ്പുപറഞ്ഞ് രംഗത്തെത്തിയതാണ് താരം.

തീര്‍ച്ചയായും ഇത് എന്റെ അവസാനത്തെ യൂറോ കപ്പാണ്. ആ പെനാല്‍റ്റി നഷ്ടപ്പെടുത്തേണ്ടിവന്നതില്‍ ആരാധകരോട് മാപ്പുപറയുന്നു. ഈ യൂറോ കിരീടം കിട്ടിയാലും ഇല്ലെങ്കിലും, പോര്‍ച്ചുഗല്‍ കുപ്പായത്തിന് വേണ്ടി എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ ശ്രമിക്കും. എന്റെ ജീവിതം മുഴുവനും ഞാന്‍ അതിന് വേണ്ടി പരിശ്രമിക്കും’, റൊണാള്‍ഡോ പറഞ്ഞതായി ഫബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.

സ്ലൊവേനിയയ്ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലൂടെയാണ് പോര്‍ച്ചുഗല്‍ വിജയം പിടിച്ചെടുത്തത്. മത്സരത്തില്‍ പോര്‍ച്ചുഗലിന് ലീഡ് എടുക്കാനുള്ള സുവര്‍ണാവസരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നഷ്ടപ്പെടുത്തിയത്.

മത്സരത്തിന്റെ നിശ്ചിതസമയം ഗോള്‍രഹിതമായി കലാശിച്ചതോടെ അധികസമയത്തേക്ക് കടക്കേണ്ടിവന്നിരുന്നു. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുന്നത്. ഡിയോഗോ ജോട്ടയെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് സ്ലൊവേനിയയ്ക്കെതിരെ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.

'എന്റെ അവസാന യൂറോ കപ്പാണ്'; പെനാല്‍റ്റി നഷ്ടത്തില്‍ മാപ്പുപറഞ്ഞ് റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ ആരാധകര്‍ ആവേശത്തോടെ ആര്‍ത്തിരമ്പിയെങ്കിലും പ്രതീക്ഷകള്‍ തെറ്റി. കിക്കെടുക്കാനെത്തിയ നായകന് ഇത്തവണ ലക്ഷ്യം പിഴച്ചു. കിടിലന്‍ ഡൈവിലൂടെ റൊണാള്‍ഡോയുടെ പെനാല്‍റ്റി കിക്ക് സ്ലൊവേനിയന്‍ ഗോള്‍ കീപ്പര്‍ ഒബ്ലാക്ക് തടുത്തിട്ടു. ലീഡെടുക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതില്‍ നിരാശനായ റൊണാള്‍ഡോ മൈതാനത്ത് പൊട്ടിക്കരഞ്ഞു. പിന്നാലെ സഹതാരങ്ങള്‍ ചേര്‍ന്ന് താരത്തെ ആശ്വസിപ്പിക്കുകയായിരുന്നു.

പിന്നീട് അവസാന നിമിഷം വരെ പോര്‍ച്ചുഗല്‍ വിജയഗോളിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയത്. ഷൂട്ടൗട്ടില്‍ പറങ്കിപ്പടയുടെ രക്ഷകനായി ഗോള്‍ കീപ്പര്‍ ഡിയോഗോ കോസ്റ്റ അവതരിച്ചു. സ്ലൊവേനിയയുടെ ആദ്യ മൂന്ന് കിക്കുകളും തടുത്തിട്ടാണ് കോസ്റ്റ പോര്‍ച്ചുഗലിന്റെ രക്ഷകനായത്. മറുവശത്ത് പോര്‍ച്ചുഗല്‍ മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 എന്ന വിജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *