കൊച്ചി:വാട്ടര്‍ അതോറിറ്റിയുടെ പ്രത്യേക നിയമങ്ങളെല്ലാം മറികടന്നാണ് സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നത്.അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുമ്പോഴും കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം വ്യാപകം. ഒരു വര്‍ഷത്തിനിടയില്‍ മീറ്റര്‍ റീഡര്‍ തസ്തികയില്‍ 2702 പേരെയാണ് താല്‍ക്കാലികമായി നിയമിച്ചത്. പി എസ് സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കിയാണ് നിയമ വിരുദ്ധ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നത്.
പിന്‍വാതില്‍ നിയമനങ്ങളുടെ ഇരകളായി മാറുകയാണ് വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ പിഎസ് സി റാങ്ക് ഹോള്‍ഡേര്‍സ്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. ഇതുവരെ നിയമനം ലഭിച്ചത് മുപ്പത് പേര്‍ക്ക് മാത്രം. പക്ഷേ മീറ്റര്‍ റീഡര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനങ്ങള്‍ തകൃതിയാണ്.
ഒരു വര്‍ഷത്തെ പ്ലബിങ്ങ് ട്രേഡ് ഡിപ്ലോമയാണ് മീറ്റര്‍ റീഡര്‍ തസ്തികയിലെ സാങ്കേതിക യോഗ്യത. പക്ഷേ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് യോഗ്യത ഒരു മാനദ്ണ്ഡമേ അല്ല. രാഷ്ട്രീയ നേതൃത്വം പിന്‍വാതിലിലൂടെ നിയമനം നിര്‍ബാധം തുടരുമ്പോള്‍, കഷ്ടപ്പെട്ട് പഠിച്ച് പിഎസ് സി റാങ്ക് പട്ടികയില്‍ ഇടം നേടിയവരുടെ അവസരമാണ് നഷ്ടമാകുന്നത്.