കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ തേടി ഐപിഎല്‍ ടീം. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്ന ഗൗതം ഗംഭീറിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റര്‍ സ്ഥാനത്തേയ്ക്ക് ദ്രാവിഡിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20 ലോകകിരീടം സ്വന്തമാക്കിയതിനൊപ്പം ഏകദിന ലോകകപ്പിലും രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലില്‍ എത്തിച്ചതുമാണ് രാഹുല്‍ ദ്രാവിഡിന്റെ നേട്ടങ്ങള്‍.
ഇന്ത്യന്‍ പരിശീലകനായി അധികം വൈകാതെ ഗൗതം ഗംഭീറിനെ പ്രഖ്യാപിച്ചേക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് ഗംഭീറിനെ ബിസിസിഐ പരിഗണിച്ചത്. മുമ്പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ രണ്ട് തവണ സെമിലെത്തിച്ചതും ഇന്ത്യന്‍ മുന്‍ താരത്തിന്റെ നേട്ടമാണ്. എന്നാല്‍ ഇതുവരെ ഒരു ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് എത്തിയിട്ടില്ലെന്നതാണ് ഗംഭീറിന് മുന്നിലുള്ള വെല്ലുവിളി.